Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്ത്രീയെ കത്രിക കൊണ്ട്...

സ്ത്രീയെ കത്രിക കൊണ്ട് കൊലപ്പെടുത്തിയ കേസ്; വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി

text_fields
bookmark_border
സ്ത്രീയെ കത്രിക കൊണ്ട് കൊലപ്പെടുത്തിയ കേസ്; വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി
cancel

അബൂദബി: സ്ത്രീയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് അപ്പീൽ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി യു.എ.ഇ ഫെഡറൽ സുപ്രീം കോടതി. സ്ത്രീയെ കൊലപ്പെടുത്തിയതിന്​ പുറമെ, ഇയാൾ മറ്റൊരു യുവാവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു​. കേസിൽ പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദങ്ങളും ആവശ്യങ്ങളും അപ്പീൽ കോടതി പരിശോധിക്കുകയോ അതിന് തൃപ്തികരമായ മറുപടി നൽകുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതിയുടെ ഉത്തരവ്. വ്യത്യസ്ത ജഡ്ജിമാർ അടങ്ങുന്ന പുതിയ ബെഞ്ചിന് മുന്നിൽ കേസ് വീണ്ടും വാദം കേൾക്കുന്നതിനായി അപ്പീൽ കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു.

ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ടെറസിലേക്കുള്ള പടികളിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. പ്രതി മുൻകൂട്ടി പ്ലാൻ ചെയ്ത് കത്രിക വാങ്ങിവെച്ച്, ഇരയായ സ്ത്രീയുമായി ഒറ്റക്കാകുന്ന സമയം വരെ കാത്തുനിന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ കണ്ടെത്തൽ.

സ്ത്രീയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതിന് പുറമേ, മറ്റൊരു യുവാവിനെ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. ആക്രമണത്തിന് ഇരയായ യുവാവ് ചികിത്സയെത്തുടർന്ന് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുമായുള്ള വഴിവിട്ട ബന്ധവുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ കുറ്റം. വിചാരണക്കോടതി പിന്നീട് ഈ കുറ്റകൃത്യത്തിന്റെ നിയമപരമായ വിശദീകരണം ഭേദഗതി ചെയ്തിരുന്നു.

കേസ് ആദ്യം പരിഗണിച്ച പ്രൈമറി കോടതി പ്രതിക്ക് കൊലപാതക കുറ്റത്തിന് വധശിക്ഷയും വധശ്രമത്തിന് ജീവപര്യന്തം തടവും മൂന്നാമത്തെ കുറ്റത്തിന് ഒരു മാസം തടവും വിധിച്ചിരുന്നു. പ്രതിയും പബ്ലിക് പ്രോസിക്യൂഷനും ഈ വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച അപ്പീൽ കോടതി, വധശിക്ഷ ഉൾപ്പെടെയുള്ള പ്രൈമറി കോടതിയുടെ വിധി പൂർണമായും ശരിവെക്കുകയായിരുന്നു. ഈ അപ്പീൽ കോടതി വിധിക്കെതിരെ പ്രതി ഫെഡറൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് കൊലപാതക പ്രേരണയോ വ്യക്തമായ ഉദ്ദേശ്യമോ ഉണ്ടായിരുന്നില്ലെന്നും സംഭവസമയത്തെ മാനസികാവസ്ഥ പരിശോധിക്കാൻ മാനസികാരോഗ്യ വിദഗ്ദ്ധരുടെ പരിശോനക്ക്​ വിധേയനാക്കണമെന്നും പ്രതി വാദിച്ചു. പ്രകോപനത്തെ തുടർന്നാണ് പ്രവർത്തിച്ചതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം പുനർനിർണയിക്കണമെന്നുമായിരുന്നു ഇയാളുടെ വാദം.

ഈ ഹരജി പരിഗണിച്ച സുപ്രീം കോടതി, പ്രതിഭാഗത്തിന്റെ ഈ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ അപ്പീൽ കോടതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി. ക്രിമിനൽ നടപടിക്രമങ്ങളിലെ ആർട്ടിക്കിൾ 253 അനുസരിച്ച്, എല്ലാ വധശിക്ഷാ വിധികളും നടപ്പാക്കുന്നതിന് മുമ്പ്​ ഫെഡറൽ സുപ്രീം കോടതിയുടെ അന്തിമ പരിശോധന നിർബന്ധമാണ്.

പ്രതിഭാഗത്തിന്റെ വാദങ്ങൾ കേൾക്കുക മാത്രമായിരിക്കരുത് കോടതിയുടെ ചുമതല. കേസിന്റെ വിധിയെ ബാധിച്ചേക്കാവുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളിൽ കൃത്യമായ അന്വേഷണം നടത്തുകയും തീരുമാനമെടുക്കുകയും വേണം. അപ്പീൽ കോടതിയിൽ നിന്ന് ഈ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വധശിക്ഷ ഉൾപ്പെടെയുള്ള വിധി റദ്ദാക്കി, കേസ് പുതിയ ബെഞ്ചിന്റെ പുനഃപരിശോധനക്കായി സുപ്രീം കോടതി തിരിച്ചയച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death SentenceUAE NewsGulf News
News Summary - Supreme Court sets aside death sentence
Next Story