ബാങ്ക് വായ്പയിൽ കൂട്ടുപലിശ പാടില്ലെന്ന് സുപ്രീംകോടതി
text_fieldsഅബൂദബി: ബാങ്ക് ലോണുകളിൽ കൂട്ടുപലിശ ഏർപ്പെടുത്തുന്നതിലെ നിരോധനം വ്യക്തമാക്കി ഫെഡറൽ സുപ്രീംകോടതി. യു.എ.ഇയിലെ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ആകെ പലിശ വായ്പ തുകയേക്കാൾ കൂടരുതെന്നും വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്. ഏഴ് ലക്ഷം ദിർഹം വായ്പയെടുത്തയാളോട് 15.53 ലക്ഷം ദിർഹം അടക്കാൻ ഉത്തരവിട്ട അപ്പീൽ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് രാജ്യത്തെ പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് പുനഃപരിശോധനക്ക് അപ്പീൽ കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
19.19 ലക്ഷം ദിർഹം വായ്പ തുകയും 11.25 ശതമാനം വാർഷിക പലിശയും തിരിച്ചടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ബാങ്ക് ഫയൽ ചെയ്ത കേസിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. വായ്പ തുക പൂർണമായും ഉപഭോക്താവിന് നൽകിയതായും എന്നാൽ, അംഗീകരിച്ചത് പ്രകാരം തിരിച്ചടച്ചില്ലെന്നും ബാങ്ക് കോടതിയിൽ ബോധിപ്പിച്ചു.
തുടർന്ന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ബാങ്ക് ആവശ്യപ്പെട്ട തുകയുടെ ഒരു ഭാഗം അടക്കാൻ ഉത്തരവിട്ടു. തുടർന്ന് കേസിലെ രണ്ട് കൂട്ടരും വിധിക്കെതിരെ അപ്പീൽ നൽകി. അപ്പീൽ കോടതി ബാങ്കിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതിൽ 15.53 ലക്ഷം ദിർഹം തിരിച്ചടക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് വായ്പയെടുത്തയാൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ബാങ്ക് ഈടാക്കുന്ന പലിശ യു.എ.ഇയിൽ നിരോധിച്ച കൂട്ടുപലിശയാണെന്ന് ഈ ഹരജിയിൽ വാദിക്കുകയും ചെയ്തു. ഇത് ശരിവെച്ചുകൊണ്ടാണ് വായ്പ തുകയേക്കാൾ പലിശ വരുന്നത് നിരോധിച്ചതാണെന്ന് വ്യക്തമാക്കിയത്.
വായ്പയുടെ കുടിശ്ശികയുള്ള തുകകൾക്ക് ബാങ്കുകൾക്ക് കരാർ പലിശയോ മാർക്കറ്റ് നിരക്കോ ഈടാക്കാമെങ്കിലും, അതിനുശേഷം ലളിതമായ പലിശ മാത്രമേ ബാധകമാക്കാവൂ എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

