വ്യവസായങ്ങൾക്ക് പിന്തുണ; 100 കോടിയുടെ ദേശീയ ഫണ്ടിന് അംഗീകാരം
text_fieldsദുബൈ: രാജ്യത്തെ പ്രധാന വ്യവസായ മേഖലകളെ പിന്തുണക്കുന്നതിനായി 100 കോടി ദിർഹമിന്‍റെ ദേശീയ ഫണ്ട് സ്ഥാപിക്കുന്നതുൾപ്പെടെ വിവിധ സംരംഭങ്ങൾക്ക് അംഗീകാരം നൽകി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. പ്രധാന വ്യവസായങ്ങളുടെ പ്രാദേശികവത്കരണം, വിതരണ ശൃംഖലകളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തൽ, ഉൽപാദനത്തിലും പ്രവർത്തനത്തിലും ആസൂത്രണത്തിലും നിർമിത ബുദ്ധി സാങ്കേതിക വിദ്യകളുടെ ഉപയോഗം വേഗത്തിലാക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഭക്ഷ്യ സുരക്ഷ, അവശ്യവസ്തുക്കളുടെ നിർമാണം എന്നിവ പോലുള്ള ദേശീയ മുൻഗണനയുമായി ബന്ധപ്പെട്ടുള്ള പ്രധാന വ്യവസായങ്ങളെ പിന്തുണക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ദേശീയ ഫണ്ട്. പ്രാദേശിക ഉൽപാദന ശേഷി വർധിപ്പിക്കുക, പ്രധാന വ്യവസായ ഉൽപന്നങ്ങളുടെ കരുതൽ ശേഖരം കെട്ടിപ്പടുക്കുക, മുൻഗണനാ മേഖലകളിലുടനീളം മൂല്യ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. പ്രവചനങ്ങളുടെ കൃത്യമായ വിശകലനം, അപകട സാധ്യത നിയന്ത്രണം, പ്രവർത്തന കാര്യക്ഷമത എന്നിവയെ പിന്തുണക്കുന്നതിനൊപ്പം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, ഭൗമരാഷ്ട്രീയ സാഹചര്യങ്ങളോട് കൂടുതൽ ഫലപ്രദമായി പ്രതികരിക്കുന്നതിന് വ്യവസായ സ്ഥാപനങ്ങളെ നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ സഹായിക്കും.
കൂടാതെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ, ചെറുകിട ഔട്ട്ലറ്റുകൾ എന്നിവിടങ്ങളിലുടനീളം യു.എ.ഇ നിർമിത ഉൽപന്നങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള നയത്തിനും ശൈഖ് മുഹമ്മദ് അംഗീകാരം നൽകി. കുപ്പിവെള്ളം, പാലുൽപന്നങ്ങൾ, മുട്ട, കോഴി ഉൽപന്നങ്ങൾ, ബ്രഡ്, മാവ്, പ്രാദേശികമായുള്ള പാക്കേജ്ഡ് സസ്യ എണ്ണകൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യ വസ്തുക്കളുടെ പ്രാദേശികമായ ഉൽപാദനം വർധിപ്പിക്കുന്നതിനായിരിക്കും നയത്തിൽ ആദ്യ പരിഗണന. മെയ്ഡ്-ഇൻ-യു.എ.ഇ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക സ്ഥലം അനുവദിച്ചുകൊണ്ട്, പ്രധാന സ്ഥാപനങ്ങൾ, സ്വകാര്യമേഖല പങ്കാളികൾ, റീട്ടെയിലർമാർ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ‘മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ പ്ലാറ്റ്ഫോമിന്റെ അഞ്ചാമത് എഡിഷനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

