ഫാഷൻ റാമ്പുകളിലെ വേറിട്ട മുഖമായി റോഷിനി
text_fieldsഫാഷൻ റാമ്പുകളിലെ വേറിട്ട മുഖമാണ് റോഷിനി സൂസൻ ഫിലിപ്പോസ്. വെളുത്തവരുടെ ലോകമാണ് ഫാഷൻ ഷോ വേദികളെന്ന ധാരണയെ പൊളിച്ചടുക്കി ഈ തിരുവല്ലക്കാരി. ദുബൈയിൽ നടന്ന മിസിസ് യു.എ.ഇ ഇൻറർനാഷനലിലെ സൂപ്പർ വുമനായി തെരഞ്ഞെടുത്തതാണ് ഒടുവിലത്തെ നേട്ടം.
അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ നഴ്സായ റോഷിനി ജീവിതത്തോട് പടവെട്ടിയാണ് ഫാഷൻ വേദിയിലെത്തിയത്. രണ്ടാനമ്മയുടെ ഉപദ്രവം സഹിക്കാതെ നാടുവിട്ടതുമുതൽ വിവാഹ മോചനവും രണ്ടാം വിവാഹവുമെല്ലാം പിന്നിട്ടാണ് ഫാഷൻ വേദിയിലെ താരമായി തിളങ്ങുന്നത്. വിവാഹിതരായ വനിതകളെ അണിനിരത്തി മീന അസ്റാണിയുടെ 'ബീയിങ് മുസ്കാൻ' സംഘടിപ്പിച്ച മിസിസ് യു.എ.ഇയിൽ നിരവധി പ്രമുഖരെ പിന്നിലാക്കിയാണ് റോഷിനി സൂപ്പർ വുമനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോെടാപ്പം ഫസ്റ്റ് റണ്ണർ അപ്പാകാനും കഴിഞ്ഞു.
രണ്ട് ദിവസത്തെ ട്രെയിനിങിന് ശേഷമായിരുന്നു മത്സരം. അഭിനയം, വ്യക്തിത്വം, സൂംബ, മേക് അപ്, റാംപ്വാക് എന്നിവയായിരുന്നു ട്രെയിനിങിലുണ്ടായിരുന്നത്. ദുബൈ റഡിസൺ ബ്ലൂ ഹോട്ടലിലായിരുന്നു മിസിസ് യു.എ.ഇ മത്സരം. പരിപാടിയുടെ രണ്ടാം സീസണിെൻറ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 13 വർഷമായി യു.എ.ഇയിലുള്ള റോഷിനി ഇതിന് മുൻപും പല വേദികളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ലോക് ഡൗൺ കാലത്ത് നടന്ന മിസിസ് കോവിഡ് 19 സുപ്രീം വാരിയർ വിമൻ ഇൻറർനാഷനൽ, മലയാളി മങ്ക, മിസിസ് ഫേസ് ഓഫ് ഇന്ത്യ, കുക്കിങ് ഫോർ വിമൻ ഗ്രാൻഡ് ഫൈനലിസ്റ്റ്, മലബാർ അടുക്കള സൂപ്പർ ഷെഫ് അബൂദബി ജേതാവ്, കേരള സോഷ്യൽ സെൻറർ പാചക റാണി... ഇങ്ങനെ നീണ്ടു പോകുന്നു റോഷിനിയുടെ നേട്ടങ്ങൾ. സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിങ് മാനേജരായ ഭർതാവ് മാത്യുവിനും മകൻ നാലര വയസുകാരൻ മിലനുമൊപ്പം അബൂദബിയിലാണ് താമസം.
പൊരുതി നേടിയ വിജയം:
ഫാഷൻ റാമ്പിൽ മാത്രമല്ല, ജീവിതത്തിലും പോരാളിയാണ് റോഷ്നി. ചെറുപ്പകാലം മുതൽ പീഡനങ്ങളേറ്റുവാങ്ങിയാണ് വളർന്നത്. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. രണ്ടാനമ്മ വീട്ടിൽ നിന്ന് പുറത്താക്കിയതോടെയാണ് ജീവിതത്തിലേക്ക് വാശിയോടെ പിടിച്ചു കയറിയതെന്ന് റോഷ്നി പറയുന്നു. 'എനിക്ക് ഒന്നും കഴിയില്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ എനിക്ക് പലതും കഴിയും എന്ന് തെളിയിച്ചു.
ഭക്ഷണം തരില്ലെന്ന് പറഞ്ഞവർക്ക് മുന്നിൽ ഞാനിപ്പോൾ ഒരുപാട് പേർക്ക് ഭക്ഷണം നൽകുന്നു. പഠിപ്പിക്കില്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ പഠിച്ചു വളർന്നു. ഈ വാശിയാണ് എെൻറ ജീവിതം'- റോഷ്നിയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു. ജോലിയും ഭക്ഷണവും ഇല്ലാതെ വലയുന്നവർക്ക് ആശ്രയം കൂടിയാണ് റോഷ്നി. മറ്റ് സംഘടനകളുമായി ചേർന്നും വ്യക്തിപരമായും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

