സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ പ്രഖ്യാപിച്ചു
text_fieldsചാരു ശർമ, മാത്യു ജോസഫ്, എൻ.എ. ഹാരിസ്, നവാസ് മീരാൻ എന്നിവർ ചേർന്ന് സൂപ്പർ ലീഗ് കേരള ഫുട്ബാളിന്റെ ട്രോഫി അനാച്ഛാദനം ചെയ്യുന്നു
ദുബൈ: സൂപ്പർ ലീഗ് കേരള ഫുട്ബാളിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു. ഞായറാഴ്ച ദുബൈ അൽനഹ്ദയിലെ അൽ അഹ്ലി സ്പോർട്സ് ഹാളിൽ ‘കിക്ക് ഓഫ് ടു ഗ്ലോറി’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ ടീം ഉടമകളായ നടൻ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, സൂപ്പർ ലീഗ് കേരള ഫ്രാഞ്ചൈസി ഉടമകൾ, മറ്റ് പങ്കാളികൾ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം സീസണിന്റെ ഔദ്യോഗിക മാച്ച് ബാൾ ‘സാഹോ’യുടെ അനാച്ഛാദനവും ചടങ്ങിൽ നടന്നു. സൂപ്പർ ലീഗ് കേരളയുടെ കിരീടവും ചടങ്ങിൽ പ്രദർശിപ്പിച്ചു. യുവ ഫുട്ബാൾ താരങ്ങൾക്ക് പ്രഫഷനൽ വേദി നൽകുന്നതിനൊപ്പം കേരളീയരുടെ ഫുട്ബാൾ സ്നേഹം ആഘോഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് സൂപ്പർ ലീഗ് കേരളക്ക് തുടക്കമിട്ടതെന്ന് ചടങ്ങിൽ സംസാരിച്ച എസ്.എൽ.കെ മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.
സൂപ്പർ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായ മാത്യൂ ജോസഫ്, എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് എൻ.എ ഹാരിസ്, പ്രമുഖ വ്യവസായി ഡോ. ഷംഷീർ വയലിൽ, മുൻ ഇന്ത്യൻ കോൺസൽ ജനറൽ വേണു രാജാമണി, ഹാരിസ് ബീരാൻ, കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, പ്രമുഖ സ്പോർട്സ് കമൻന്റേറ്ററും പ്രോ കബഡി ലീഗ് സ്ഥാപകനുമായ ചാരു ശർമ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സ്പോർട്സ് ഡോട്ട് കോമിനെ ഔദ്യോഗിക ഡിജിറ്റൽ പങ്കാളിയായി ചടങ്ങിൽ സൂപ്പർ ലീഗ് കേരള പ്രഖ്യാപിച്ചു. ഇതുവഴി എസ്.എൽ.കെ സീസൺ 2 മത്സരങ്ങൾ Sports.com ആപ് വഴി സൗജന്യമായി കാണാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

