വേനൽക്കാല സ്പോര്‍ട്സ് ഇവന്റ് ശീതീകരിച്ച കളിക്കളത്തില്‍
text_fieldsഅബൂദബി: മേഖലയിലെ ബൃഹത്തായ ഇന്‍ഡോര്‍ സമ്മര്‍ സ്പോര്‍ട്സ് ഇവന്റ് അബൂദബിയില്‍. അഡ്നെക് ഗ്രൂപ്പും അബൂദബി സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി അഡ്നെക് സെന്ററില്‍ സംഘടിപ്പിക്കുന്ന പരിപാടി ആഗസ്റ്റ് 21 വരെ നീണ്ടുനില്‍ക്കും. പൂര്‍ണമായും ശീതീകരിച്ച ഇന്‍ഡോര്‍ കളിക്കളത്തില്‍ ഫുട്ബാളും ക്രിക്കറ്റും അടക്കമുള്ള കായിക പരിപാടികള്‍ അരങ്ങേറും.
മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയാണിത്. 12ലധികം പ്രധാന കായിക വിനോദങ്ങള്‍, 50 കമ്യൂണിറ്റി ഇവന്റുകള്‍, വേനല്‍ക്കാല ക്യാമ്പുകള്‍, വെല്‍നസ് സെഷനുകള്‍ തുടങ്ങിയവ അബൂദബി സമ്മര്‍ സ്പോര്‍ട്സ് 2025ല്‍ അരങ്ങേറും. 37,500 ചതുരശ്ര മീറ്ററിലാണ് വേദിയൊരുക്കിയിരിക്കുന്നത്. മുന്തവണത്തേതില്നിന്ന് 10 ശതമാനം വിസ്തൃതിയാണ് ഇത്തവണ വര്‍ധിപ്പിച്ചിട്ടുള്ളത്. 1.2 കി.മീറ്റര്‍ നീളത്തില്‍ ഓടാനുള്ള ട്രാക്കും ഒരുക്കിയിട്ടുണ്ട്.
ലോകോത്തര നിലവാരത്തിലുള്ള ബാസ്കറ്റ്ബാള്‍, ബാഡ്മിന്റണ്‍, വോളിബാള്‍ കോര്‍ട്ടുകളും സമ്മര്‍ സ്പോര്‍ട്സ് ഇവന്റ് കൂടുതല്‍ മനോഹരമാക്കുന്നു. ഫിറ്റ്നസ് പ്രേമികൾക്ക് ഹൈറോക്സ് ഇന്‍ഡോര്‍ ഫിറ്റ്നസ് റേസില്‍ ഭാഗമാവാം. ജൂലൈ പത്തിനാണ് ഹൈറോക്സ് ഫിറ്റ്നസ് മല്‍സരം തുടങ്ങുന്നത്. ജൂഡോ, ബോക്സിങ്, അമ്പെയ്ത്, ഭാരോദ്വഹനം തുടങ്ങിയവക്ക് മാത്രമായി ക്ലബ് സോണും ഇത്തവണ ഒരുക്കിയിട്ടുണ്ട്.പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അഡ്നെക് ഗ്രൂപ്പ് അവതരിപ്പിച്ചിട്ടുള്ള മൊബൈല്‍ ആപ്പും വെബ്സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വാഹനം സൗജന്യമായി പാര്‍ക്ക് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

