വേനൽക്കാല കായിക പോരാട്ടങ്ങളുമായി ദുബൈ
text_fieldsസമ്മർ സ്പോർട്സ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ ദുബൈ സ്പോർടസ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ് സംസാരിക്കുന്നു
ദുബൈ: വേനൽകാലത്ത് 'സമ്മർ സ്പോർട്സ്' ചാമ്പ്യൻഷിപ്പുമായി ദുബൈ സ്പോർട്സ് കൗൺസിൽ. വെള്ളിയാഴ്ച മുതൽ ആഗസ്റ്റ് 31 വരെ അരങ്ങേറുന്ന ചാമ്പ്യൻഷിപ്പിൽ 120 കായിക മത്സരയിനങ്ങളുണ്ടാകുമെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുബൈയിലെ 90 ഇടങ്ങളിലായിരിക്കും മത്സരം. ഇൻഡോറിലും ഔട്ട്ഡോറിലും പരിപാടികളുണ്ടാവും. ഏഴ് കോർട്ടുകളിൽ ടെന്നിസ് മത്സരം നടക്കും. ഏഴ് കോർട്ടുകളിലായാണ് സെവൻസ് ഫുട്ബാൾ. ആറ് കോർട്ടിലായി രണ്ട് തരം ബാസ്ക്കറ്റ് ബാൾ ടൂർണമെൻറ് (ത്രീസ്, ഫൈവ്സ്) നടക്കും. ഫൈവ്സ് ഫുട്ബാൾ നടക്കുന്നത് അഞ്ച് കോർട്ടിലാണ്. ഷോപ്പിങ് സെൻററുകളിലാണ് ഇൻഡോർ ഓട്ട മത്സരങ്ങൾ.
സ്ക്വാഷ് ചാമ്പ്യൻഷിപ്പ്, മിനി ക്രിക്കറ്റ്, സ്േകറ്റ് ബോർഡിങ്, ബോക്സിങ്, സൈക്ലിങ്, ഫുട് വോളി തുടങ്ങിയവയും ഷോപ്പിങ് സെൻററുകൾക്കുള്ളിൽ നടക്കും. ബീച്ച് യോഗ, ബീച്ച് ടെന്നിസ്, സ്കേറ്റ് ബോർഡിങ്, സ്റ്റാൻഡപ് പാഡ്ൽ, പട്ടം പറത്തൽ, ജെറ്റ് സ്കി, ജെറ്റ് സർഫ് എന്നിവ കടലോരങ്ങളിൽ അരങ്ങേറും. ആറ് വേദികളിലായി ഇലക്ട്രോണിക് ഗെയിമുകളും പബ്ജി ചാമ്പ്യൻഷിപ്പുമുണ്ടാകും.
പരിപാടി വേനൽക്കാലത്താണെങ്കിലും കൊടുംതണുപ്പിലും മത്സരം നടക്കുന്നുണ്ട്. സ്കി ദുബൈയുടെ നേതൃത്വത്തിൽ സ്നോ വോളിബാൾ, സ്നോ യോഗ, സ്നോ ബൈക്കിങ് തുടങ്ങിയവ നടക്കും. ആദ്യമായാണ് ഈ മത്സരങ്ങൾ പരിപാടിയിൽ ഉൾപെടുത്തുന്നത്. ചാമ്പ്യൻഷിപ്പിലെ ഏറ്റവും വലിയ ആകർഷണവും ഇതായിരിക്കുമെന്നാണ് വിലയിരുത്തൽ. സ്നോ റൺ ചലഞ്ച്, സ്നോബോർഡിങ്, നിശ്ചയദാർഡ്യക്കാർക്ക് സ്നോബോർഡ് തുടങ്ങിയവയുമുണ്ടാകും. ദുബൈ പൊലീസ്, മുനിസിപ്പാലിറ്റി തുടങ്ങിയവയും സഹകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

