വേനൽക്കാല സുരക്ഷ; ഷാർജയിൽ കാമ്പയിൻ
text_fieldsഷാർജ: വേനൽക്കാല അപകടങ്ങളിൽനിന്ന് രക്ഷ നേടുന്നതിന് സുരക്ഷാനടപടിക്രമങ്ങൾ സംബന്ധിച്ച് ഷാർജ പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റി (എസ്.പി.എസ്.എ) ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ആരംഭിച്ച കാമ്പയിൻ തീപിടിത്തത്തിൽ നിന്നുള്ള സുരക്ഷ, സൂര്യാതപം തടയൽ, നീന്തൽക്കുളങ്ങളിലെ മുങ്ങിമരണങ്ങൾ തടയൽ എന്നീ മൂന്ന് പ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
താമസ, വാണിജ്യ, വ്യവസായിക മേഖലകളിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നതിനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടികളെന്ന് എസ്.പി.എസ്.എ ഡയറക്ടർ ശൈഖ് സെയ്ഫ് ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ജനങ്ങളിൽ അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും അതോറിറ്റി ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുവെന്നും അപകടങ്ങളിൽനിന്ന് മുക്തമായ ഒരു സുരക്ഷിതസമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന താപനിലയും ചൂടുള്ള കാലാവസ്ഥയും വിവിധ അപകടങ്ങൾക്ക് കാരണമാകുമെന്നും ബോധവത്കരണവും മുൻകരുതൽ നടപടികളും ആവശ്യമാണെന്നും പ്രോജക്ട് വിഭാഗം മേധാവി എൻജിനീയർ മുഹമ്മദ് അൽ സറൂനി വിശദീകരിച്ചു. മുങ്ങിമരിക്കുക, നീന്തൽക്കുളത്തിലേക്ക് വഴുതിവീഴുക തുടങ്ങിയ അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് നീന്തലിൽ ഏർപ്പെടുന്ന കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും മാതാപിതാക്കളോട് അതോറിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

