ശരിക്കും 'സമ്മർ റഷ്'; ആഘോഷിക്കാനെത്തിയത് 82,382 പേർ
text_fields‘സമ്മർ റഷ്’ പരിപാടിയുടെ ഭാഗമായി മംസർ പാർക്കിൽ ഒരുക്കിയ ഫോട്ടോഗ്രഫി കോർണർ
ദുബൈ: ഈദ് പരിപാടികളുടെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി മംസർ പാർക്കിൽ നടത്തിയ 'സമ്മർ റഷ്' ശരിക്കും വേനൽക്കാല ആഘോഷത്തിന്‍റെ തിരക്കേറും വേദിയായി. 'ദുബൈ ഡസ്റ്റിനേഷൻ' കാമ്പയിനിന്‍റെ ഭാഗമായിട്ടാണ് 'സമ്മർ റഷ്' സംഘടിപ്പിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദുബൈയിലെത്തുന്ന സഞ്ചാരികൾക്ക് എമിറേറ്റിലെ പ്രധാന ആകർഷണങ്ങളെയും ആഹ്ലാദങ്ങളെയും പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. താമസിക്കാനും സഞ്ചരിക്കാനും സൗകര്യങ്ങളൊരുക്കിയിട്ടുള്ള നഗരങ്ങളിൽ ദുബൈ മുൻനിരയിലാണെന്ന് ലോകത്തോട് വിളിച്ചുപറയും വിധമുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ജൂലൈ ആറ് മുതൽ 23 വരെ കുടുംബങ്ങളെ ലക്ഷ്യമിട്ടു ഒരുക്കിയ പരിപാടികളിൽ ഫുഡ് പാർക്കുകളും കുട്ടികൾക്കായി കളിസ്ഥലങ്ങളും ഫോട്ടോഗ്രഫി കോർണറുകളും ഒരുക്കിയിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 82,382 പേരാണ് 'സമ്മർ റഷി'ന്‍റെ ഭാഗമാകാൻ എത്തിയത്. ബീച്ച് പാർക്ക് എന്ന നിലക്ക് ശ്രദ്ധേയമായ മംസർ പാർക്കിന്‍റെ 99 ഹെക്ടർ പ്രദേശവും സന്ദർശകർക്കായി വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചുവെച്ചിരുന്നു. അവധിക്കാലം ആഘോഷിക്കാനുള്ള ലോകത്തെ മികച്ച ലക്ഷ്യകേന്ദ്രങ്ങളിലൊന്നെന്ന ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്ന സംവിധാനങ്ങളാണ് ദുബൈ മുനിസിപ്പാലിറ്റി 'സമ്മർ റഷി'ൽ ഒരുക്കിയിരുന്നത്. അതേസമയം, വിനോദപരിപാടികളും ഹോട്ടലുകളിലടക്കം ആകർഷക പാക്കേജുകളുമായി ഷാർജ സമ്മർ കാമ്പയിൻ പുരോഗമിക്കുന്നുണ്ട്. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്‍റ് അതോറിറ്റിയുടെ (എസ്.സി.ടി.ഡി.എ) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30വരെയാണ് പരിപാടി. ഇതിന്‍റെ ഭാഗമായി വിനോദസഞ്ചാര മേഖലകളിൽ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.
ഉല്ലാസ യാത്രകൾ, സാഹസിക വിനോദങ്ങൾ, ഭക്ഷ്യമേളകൾ തുടങ്ങിയവ ഇതിന്‍റെ ഭാഗമാണെന്ന് എസ്.സി.ടി.ഡി.എ ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു.
എമിറേറ്റിലെ പൈതൃക-ഹരിത മേഖലകൾ സന്ദർശിക്കാനും അവസരമുണ്ട്. ഓഫറുകളുമായി ഷോപ്പിങ് മാളുകളും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

