വേനൽക്കാലത്തിന് ഔദ്യോഗിക തുടക്കം: രാത്രി ഈർപ്പം കൂടും
text_fieldsദുബൈ: രാജ്യത്ത് വേനൽക്കാലത്തിന് തുടക്കം. ജൂൺ 21 മുതൽ ഔദ്യോഗികമായി വേനൽ ആരംഭിച്ചിതായി ദേശീയ കാലാവസ്ഥ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ഞായറാഴ്ച രാത്രി ഈർപ്പം കൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ആകാശം ഭാഗികമായി മേഘാവൃതമാകും. തീരപ്രദേശങ്ങളിലായിരിക്കും രാത്രി ഈർപ്പം കൂടിയ കാലാവസ്ഥ കൂടുതലായി അനുഭവപ്പെടുക.
വടക്കുപടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ് വരെ നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും. പകൽ സമയങ്ങളിൽ ഇത് മണിക്കൂറിൽ 10 മുതൽ 20 വരെ കിലോമീറ്റർ വേഗമുള്ള പൊടിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കിലോമീറ്റർ വരെ എത്താനും സാധ്യതയുണ്ടെന്ന് എൻ.സി.എം അറിയിച്ചു. അറേബ്യൻ ഗൾഫ്, ഒമാൻ കടലുകൾ പൊതുവെ ശാന്തമായിരിക്കും. അബൂദബിയിൽ കൂടിയ ചൂട് 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ ചൂട് 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദുബൈയിൽ കൂടിയ ചൂട് 40 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസും ആകും. ഷാർജയിൽ ചൂട് 41നും 29നും ഇടയിലായിരിക്കുമെന്നും എൻ.സി.എം പ്രവചിക്കുന്നു.

