വേനലവധി തീരുന്നു; രക്ഷിതാക്കൾക്ക് നിർദേശവുമായി അധ്യാപകര്‍
text_fieldsഅബൂദബി: വേനല്‍ക്കാല അവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കുട്ടികളുടെ ജീവിതരീതി ക്രമപ്പെടുത്താന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശങ്ങളുമായി അധ്യാപകര്‍. കുട്ടികള്‍ക്ക് ഉചിതമായ ഉറക്കസമയം ക്രമീകരിക്കണമെന്നാണ് ഇതില്‍ പ്രധാനപ്പെട്ട ഓര്‍മപ്പെടുത്തല്‍. മികച്ച ഉറക്കവും വിശ്രമവും അധ്യയനവര്‍ഷത്തിന്റെ വിജയകരമായ തുടക്കത്തിന് നിര്‍ണായകമാണെന്ന് വ്യക്തമാക്കിയ അധ്യാപകര്‍, കുട്ടികളെ നേരത്തേ ഉറങ്ങാന്‍ വിടണമെന്നും കുടുംബങ്ങളോട് ആവശ്യപ്പെട്ടു.
കുട്ടികളുടെ ബൗദ്ധിക, ശാരീരിക വികാസം മികച്ച ഉറക്കത്തിലൂടെയും വ്യായാമത്തിലൂടെയും പോഷകസമ്പുഷ്ടമായ ആഹാരത്തിലൂടെയുമാണ് സാധ്യമാവുക. ദൈനംദിന ജീവിതചര്യകൾ കുട്ടികളെ ശീലിപ്പിക്കണമെന്നും അബൂദബിയിലെ ബ്രിട്ടീഷ് ഇന്റര്‍നാഷനല്‍ സ്കൂള്‍ പ്രൈമറി വിഭഗം മേധാവി അലന് കോക്കര്‍ പറഞ്ഞു.
അവധിക്കാലങ്ങളില്‍ മിക്ക കുടുംബങ്ങളും ദിനചര്യകളിലും ഉറക്കസമയങ്ങളിലുമെല്ലാം മാറ്റംവരുത്താറുണ്ടെന്നും എന്നാല്‍, കേവലം രണ്ടാഴ്ചയില്‍ താഴെ മാത്രം സമയംമാത്രം സ്കൂള്‍ തുറക്കാന്‍ ശേഷിക്കുന്നതിനാല്‍ ഇപ്പോള്‍തന്നെ പഴയ രീതിയിലേക്ക് പോകണമെന്നും ജെംസ് അമേരിക്കന്‍ അക്കാദമിയിലെ എലമെന്ററി സ്കൂള്‍ കൗണ്‍സലര്‍ മെലനി മോസസ് പറഞ്ഞു. മുതിര്‍ന്ന കുട്ടികള്‍ നേരത്തേ ഉറങ്ങുന്നതിന് വിമുഖത കാണിച്ചേക്കാം. പുതിയ ടേമിന്റെ തുടക്കത്തില്‍ ചെറിയ കുട്ടികള്‍ ഉറക്കംതൂങ്ങി സ്കൂളിലെത്തുന്നത് പതിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് ശരിയായ പാഠങ്ങള്‍ ഗ്രഹിക്കാനോ പഠിക്കാനോ സാധിക്കാറില്ല. പഠനസംബന്ധമായ പ്രവൃത്തികള്‍ ചെയ്യാന്‍ അവര്‍ തയാറാവുകയില്ലെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹൈസ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞത് എട്ടുമണിക്കൂറും മൂന്ന് വയസ്സുള്ള കുട്ടികള്‍ക്ക് 13 മണിക്കൂറും ഉറക്കം അനിവാര്യമാണ്. കുട്ടികള്‍ നിശ്ചയിച്ച സമയത്ത് ഉറങ്ങാന്‍ കിടക്കുന്നുവെന്നും ഉറങ്ങുന്നതിനുമുമ്പ് മതിയായ ആഹാരം കഴിച്ചെന്നും മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. ഇതിനുപുറമേ ദിവസവും കുട്ടികള്‍ ആവശ്യത്തിന് വ്യായാമമോ കളികളോ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഭൂരിഭാഗം കുട്ടികള്‍ക്കും ദിവസം 11 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. സ്കൂള്‍ അതിരാവിലെ പ്രവര്‍ത്തനം തുടങ്ങുമെന്നതിനാല്‍ കുട്ടികളെ നേരത്തേ കിടത്തുകയും അതിരാവിലെ ഉണര്‍ത്തുകയുമാണ് വേണ്ടത്. നാരുകളുള്ളതും പോഷകാഹാര സമൃദ്ധവുമായ ആഹാരമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്.
കൃത്യമായ ടൈംടേബിള്‍ ഉണ്ടാക്കുന്നതിലൂടെ കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനും മറ്റുള്ളവരുമായി ഇടപഴകാനുമുള്ള സമയവും അവസരവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

