വിദ്യാർഥികൾക്ക് സമ്മർ ക്യാമ്പുമായി ദുബൈ പൊലീസ്
text_fieldsദുബൈ പൊലീസിന്റെ പട്രോൾ വാഹനം പ്രവർത്തിപ്പിക്കുന്ന വിദ്യാർഥി
ദുബൈ: പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ നടപടികളും സേവനങ്ങളും സംബന്ധിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കാനുള്ള വേനൽക്കാല ക്യാമ്പിന് തുടക്കമിട്ട് ദുബൈ പൊലീസ്. അൽ റാശിദിയ പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ക്യാമ്പിൽ 367 വിദ്യാർഥികൾ പങ്കെടുത്തു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ആന്റി നാർകോട്ടിക്കിന്റെ ഹെമയ ഇന്റർനാഷനൽ സെന്റർ നടത്തുന്ന വിദ്യാഭ്യാസ, ബോധവത്കരണ കോഴ്സിന്റെ ഭാഗമായാണ് ‘ഭാവിയിലെ ഉദ്യോഗസ്ഥർ’ എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പൊലീസിന്റെ ചുമതലകൾ, ഉത്തരവാദിത്തം, പൊതുജനങ്ങളുടെ സുരക്ഷക്കായുള്ള പട്രോളിങ്, മറ്റ് നടപടിക്രമങ്ങൾ സംബന്ധിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ ക്യാമ്പ് സഹായകമാവുമെന്ന് അൽ റാശിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടറും ‘സ്കൂൾ സുരക്ഷ’ സംരംഭത്തിന്റെ തലവനുമായ മേജർ ജനറൽ സഈദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു.
അൽ റാശിദിയ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 129 വിദ്യാർഥിനികളെയും ഹംദാൻ ബിൻ റാശിദ് സെക്കൻഡറി സ്കൂളിൽനിന്ന് 247 കുട്ടികളെയുമാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ‘നമ്മുടെ വേനൽ സുരക്ഷിതം, രസകരം, നൂതനം, ഉൽപാദനപരം’ എന്ന മുദ്രാവാക്യത്തിന് കീഴിൽ ജൂലൈ 28 വരെ നീളുന്ന ക്യാമ്പിൽ 20 രാജ്യങ്ങളിൽനിന്നുള്ള 1350 കുട്ടികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

