സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം ഫെബ്രുവരി മുതൽ
text_fieldsസുൽത്താൻ അൽ നിയാദി
ദുബൈ: ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി ഫെബ്രുവരി പകുതിയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആറുമാസത്തെ ദൗത്യത്തിന് പുറപ്പെടുമെന്ന് 'നാസ' അറിയിച്ചു. സ്പേസ് എക്സ് ഫാൽക്കൺ-9 റോക്കറ്റാണ് 'ഡ്രാഗൺ ക്രൂ' ബഹിരാകാശ പേടകത്തെ ബഹിരാകാശത്തേക്ക് എത്തിക്കുക. അമേരിക്കൻ, റഷ്യൻ ബഹിരാകാശ യാത്രികർക്ക് ഒപ്പമാണ് നിയാദി ബഹിരാകാശത്തേക്ക് പോകുന്നത്.
യു.എസിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപിക്കുന്നത്. 2019ൽ ഹസ്സ അൽ മൻസൂരി എട്ട് ദിവസം ചെലവഴിച്ചതാണ് യു.എ.ഇയുടെ ആദ്യ ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര. രാജ്യത്തിന്റെ രണ്ടാമത്തെ ദൗത്യത്തിനാണ് നിയാദി തയാറെടുക്കുന്നത്.
നിയാദി അടക്കമുള്ള സംഘം ബഹിരാകാശ കേന്ദ്രത്തിൽ എത്തിച്ചേർന്നാൽ മൈക്രോഗ്രാവിറ്റി ലബോറട്ടറിയിലെ ശാസ്ത്ര പര്യവേക്ഷണത്തിനായി ഒക്ടോബറിൽ സ്റ്റേഷനിലെത്തിയ അംഗങ്ങൾ മടങ്ങുമെന്നും നാസ വ്യക്തമാക്കി.
യു.എ.ഇയുടെ ബഹിരാകാശ യാത്രകൾക്ക് മേൽനോട്ടം വഹിക്കുന്ന മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ യു.എസ് ആസ്ഥാനമായുള്ള ആക്സിയം സ്പേസ് എന്ന കമ്പനിയുമായി കഴിഞ്ഞ ഏപ്രിലിൽ ഒപ്പിട്ട കരാറനുസരിച്ചാണ് യാത്രക്ക് സൗകര്യമൊരുങ്ങിയത്.
അതിനുശേഷം, ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ ദൗത്യത്തിന് തയാറെടുത്തുവരുകയായിരുന്നു ഇദ്ദേഹം.
കാലിഫോർണിയയിലെ സ്പേസ് എക്സിന്റെ ആസ്ഥാനം, ഫ്ലോറിഡയിലെ വിക്ഷേപണ കേന്ദ്രം എന്നിവിടങ്ങളിലും പരിശീലനത്തിന്റെ ഭാഗമായി സമയം ചെലവഴിച്ചിട്ടുണ്ട്. അൽ നിയാദി ബഹിരാകാശ നിലയത്തിൽ കഴിയുന്ന സമയത്ത് രണ്ട് സൗദി ബഹിരാകാശ യാത്രികരും അവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള അറബ് ബഹിരാകാശയാത്രികർ ഒരുമിച്ച് ബഹിരാകാശത്ത് എത്തുന്ന ആദ്യ സന്ദർഭമായിരിക്കുമത്. അടുത്ത വർഷം മേയിലാണ് സൗദിയിൽനിന്ന് സ്ത്രീയടക്കം രണ്ടുപേർ ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

