ആഘോഷമാക്കി അബൂദബി; വരവേറ്റ് ജനങ്ങൾ
text_fieldsസുൽത്താൻ അൽ നിയാദി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്
ബഹിരാകാശത്തു നിന്ന് എത്തിച്ച യു.എ.ഇയുടെ ദേശീയ പതാക കൈമാറുന്നു
അബൂദബി: അറേബ്യന്‍ നാടിനെയാകെ അഭിമാനം കൊള്ളിച്ച്, ചരിത്രത്തില്‍ പുത്തനേട് രചിച്ച് ഇമാറാത്തി ബഹിരാകാശ യാത്രികന് സുല്‍ത്താന്‍ അല്‍ നയാദി തിരിച്ചെത്തിയിരിക്കുന്നു. അസുലഭനിമിഷത്തെ വന്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അബൂദബി എമിറേറ്റും ജന്മനാടുമെല്ലാം.
പാലങ്ങളില്‍ വെളിച്ചം വിതാനിച്ചും അലങ്കാരങ്ങള്‍ നടത്തിയുമൊക്കെയാണ് നിയാദിയുടെ മടങ്ങിവരവിനെ നാടും നഗരവും ആഘോഷമാക്കിയത്. യു.എ.ഇ പതാക ഏന്തിയ ബഹിരാകാശ യാത്രികന്റെ രൂപം അലങ്കാര ബള്‍ബുകള്‍കൊണ്ട് നിര്‍മിക്കുകയും കെട്ടിടങ്ങളിലാകെ നിയാദിയെ വരവേല്‍ക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
മുബാദല ടവര്‍, അഡ്നോക് കെട്ടിടം, ഖലീഫ യൂനിവേഴ്സിറ്റി കാമ്പസിന്റെ പ്രവേശന കവാടം, മറീന മാളിന്റെ നിരീക്ഷണഗോപുരം തുടങ്ങിയ ഇടങ്ങളൊക്കെ നിയാദിയുടെ വരവേല്പിനായി അലങ്കരിച്ചിരുന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവഴിച്ച നിയാദി അവിടെ നിന്നുള്ള അപൂര്‍വ നിമിഷങ്ങള്‍ ലോകത്തിനാകെ കാട്ടിക്കൊടുക്കുകയും ചെയ്താണ് മടങ്ങിയെത്തിരിക്കുന്നത്.
നിയാദിയുടെയും സഹയാത്രികരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ തത്സമയദൃശ്യങ്ങള്‍ രാജ്യത്തെ സ്കൂളുകളുടെ ഓഡിറ്റോറിയങ്ങളിലിരുന്ന് വിദ്യാര്‍ഥികള്‍ കാണുകയുണ്ടായി. യു.എ.ഇ ഭരണകര്‍ത്താക്കളും പൊതു സ്വകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊതുജനങ്ങളുമൊക്കെ നിയാദിയുടെ അഭിമാനനേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.