Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ‘സുഹൈൽ’...

യു.എ.ഇയിൽ ‘സുഹൈൽ’ ഉദിച്ചു, പക്ഷേ..ദൃശ്യമായില്ല

text_fields
bookmark_border
യു.എ.ഇയിൽ ‘സുഹൈൽ’ ഉദിച്ചു, പക്ഷേ..ദൃശ്യമായില്ല
cancel

ദുബൈ: യു.എ.ഇയിൽ കഠിനമായ വേനൽച്ചൂടിന് ആശ്വാസമേകി സുഹൈൽ നക്ഷത്രം തിങ്കളാഴ്ച ഉദിച്ചു. എന്നാൽ, അന്തരീക്ഷത്തിൽ 80 ശതമാനത്തിലധികം ഉയർന്ന ഈർപ്പവും (ഹ്യുമിഡിറ്റി) കനത്ത മഞ്ഞും അനുഭവപ്പെട്ടതിനാൽ ആദ്യദിനത്തിൽ നക്ഷത്രത്തെ വ്യക്തമായി കാണാൻ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ അന്തരീക്ഷം തെളിയുന്നതോടെ ആഗസ്റ്റ് 28 മുതൽ പൊതുജനങ്ങൾക്ക് നഗ്​ന നേത്രങ്ങൾകൊണ്ട് സുഹൈലിനെ കാണാൻ സാധിക്കുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.

കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ആഗസ്റ്റ് 24നാണ് നക്ഷത്രത്തിന്‍റെ വാർഷിക ഉദയം. എന്നാൽ, അന്തരീക്ഷത്തിലെ പൊടിയും ഈർപ്പവും കാരണം കഴിഞ്ഞ പത്ത് വർഷത്തിനിടെ ആഗസ്റ്റ് 26നും 28നും ഇടയിലാണ് ഇത് സാധാരണയായി ദൃശ്യമായിട്ടുള്ളത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആദ്യ ദൃശ്യം രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഖോർഫക്കാനിൽ നിരീക്ഷണത്തിലായിരുന്നു അൽ ജർവാൻ. ‘ സുഹൈൽ നക്ഷത്രത്തിന്‍റെ ഉദയം രേഖപ്പെടുത്താൻ ഞങ്ങൾ യു.എ.ഇയിലുടനീളം വ്യത്യസ്ത സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്. തെക്കൻ, തീരദേശ മേഖലകൾ, അൽ ഐനിലെ ജബൽ ഹഫീത്, ജബൽ ജൈസ് എന്നിവ ഇതിനകം കവർ ചെയ്തു, ഇപ്പോൾ ഖോർഫക്കാനിലാണുള്ളത്’- അദ്ദേഹം ‘ഖലീജ് ടൈംസി’നോട് പറഞ്ഞു.

സുഹൈൽ നക്ഷത്രത്തിന്‍റെ വരവ് കഠിനമായ വേനൽക്കാലത്തിന്‍റെ അവസാനത്തെയാണ് സൂചിപ്പിക്കുന്നത്​. പക്ഷേ, അതുകൊണ്ട്​ പൊടുന്നനെ താപനിലയിൽ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ‘സുഫ്​റിയ’ എന്നറിയപ്പെടുന്ന 40 ദിവസത്തെ സംക്രമണ കാലയളവിലേക്കാണ് രാജ്യം ഇനി കടക്കുക. ഈ സമയത്ത് കഠിനമായ ചൂടിൽനിന്ന് തണുപ്പുള്ള കാലാവസ്ഥയിലേക്ക് അന്തരീക്ഷം പതുക്കെ മാറും. ഈ കാലാവസ്ഥാ വ്യതിയാനം ആദ്യം രാത്രികാലങ്ങളിലാണ് അനുഭവപ്പെടുക. പകൽ സമയത്തെ ഉയർന്ന ചൂട് സെപ്റ്റംബർ വരെ തുടരാൻ സാധ്യതയുണ്ട്.

വർഷം പുരോഗമിക്കുന്നതിനനുസരിച്ച് സുഹൈൽ നക്ഷത്രം ആകാശത്ത് കാണപ്പെടുന്ന സമയത്തിലും മാറ്റമുണ്ടാകും. ആഗസ്റ്റ് അവസാനത്തോടെ പുലർച്ചെ ദൃശ്യമാകുന്ന നക്ഷത്രം, നവംബറോടെ അർധരാത്രിയിലും ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ വൈകുന്നേരങ്ങളിലും കാണാനാകും. ഒക്ടോബർ പകുതിയോടെ ‘വസ്മ്​’ സീസൺ ആരംഭിക്കുന്നതോടെ കാലാവസ്ഥ കൂടുതൽ സ്ഥിരതയുള്ളതാവും. തുടർന്ന് രാജ്യത്ത് ശൈത്യകാലം പൂർണതോതിൽ ആരംഭിക്കും.

യു.എ.ഇയുടെ പരമ്പരാഗത ജ്യോതിശാസ്ത്ര കലണ്ടറായ ‘അൽ ദുറൂറിൽ’ സുഹൈൽ നക്ഷത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു വർഷത്തെ 10 ദിവസം വീതമുള്ള 36 ഘട്ടങ്ങളായി തിരിക്കുന്ന ഈ പുരാതന രീതി, കൃഷി, വിളവെടുപ്പ്, മത്സ്യബന്ധനം, പക്ഷി ദേശാടനം എന്നിവ നിർണയിക്കാൻ പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്നു. നക്ഷത്രത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ശൈഖ്​ സായിദ് ഗ്രാൻഡ് മോസ്‌ക് സെന്‍ററിന്‍റെ നേതൃത്വത്തിൽ വിവിധ ബഹിരാകാശ-കാലാവസ്ഥാ ഏജൻസികൾ ചേർന്ന് സുഹൈലിനെ നിരീക്ഷിക്കാൻ പ്രത്യേക സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer SeasonUAEsuhail starweather news
News Summary - Suhail star rises in UAE but not visible due to humidity and fog
Next Story