റോഡിൽ അഭ്യാസം: ദുബൈയിൽ മോട്ടോർ സൈക്കിളുകൾ പിടികൂടി
text_fieldsദുബൈ: ട്രാഫിക് നിയമലംഘനങ്ങൾ കാറ്റിൽപറത്തി റോഡിൽ അഭ്യാസം കാണിച്ച മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്. പ്രായപൂർത്തിയാവാത്ത കുട്ടികളാണ് ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ബൈക്കുകൾ ഒറ്റ വീലിൽ ഓടിക്കുക, മുൻ ഭാഗം ഉയർത്താൻ ശ്രമിക്കുക തുടങ്ങിയ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പ്രകടനങ്ങളെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രീഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. ട്രാഫിക് സുരക്ഷ പാലിക്കാതെ നടത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങൾ നിയമ നടപടികൾക്കായി കൈമാറും. കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. സുരക്ഷിതമായ ഡ്രൈവിങ് നടത്തണമെന്നും അപകടകരമായ സ്വഭാവ രീതികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ഡ്രൈവർമാരോട് അഭ്യർഥിച്ചു. അഭ്യാസ പ്രകടനങ്ങളുടെ അപകടങ്ങളെ കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാക്കുന്നതിലും നിരീക്ഷിക്കുന്നതിൽ രക്ഷിതാക്കൾക്ക് നിർണായകമായ പങ്കുണ്ട്. ഗുരുതരമായ പരിക്കേൽക്കുന്നതും അപകട മരണങ്ങൾ തടയുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. സ്കൂട്ടറുകൾ നിശ്ചിത സ്ഥലങ്ങളിലൂടെ മാത്രം ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ അപകട സാധ്യതയുള്ള പ്രകടനങ്ങൾ അനുകരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുടുംബങ്ങളുടെ നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

