ബഹിരാകാശ പദ്ധതികളുടെ നേട്ടം വിലയിരുത്താൻ പഠനം
text_fieldsദുബൈ: രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ ബഹിരാകാശമേഖല എത്രത്തോളം സംഭാവന ചെയ്യുന്നുവെന്ന് കണക്കാക്കാൻ യു.എ.ഇ ബഹിരാകാശ ഏജൻസി സർവേക്കൊരുങ്ങുന്നു. സർക്കാർ കൂടുതൽ ബഹിരാകാശ പദ്ധതികൾ പ്രഖ്യാപിക്കുകയും സ്വകാര്യ ബഹിരാകാശ കമ്പനികളുടെ എണ്ണം യു.എ.ഇയിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിപുലമായ പഠനം നടത്തുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം, വിദേശനിക്ഷേപം, ബഹിരാകാശ പദ്ധതികൾക്കുള്ള മൊത്തം ചെലവ് എന്നിവയെ കേന്ദ്രീകരിച്ചാണ് സർവേ.
ബഹിരാകാശമേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണവും സർവേയിലൂടെ തിട്ടപ്പെടുത്തും. പൊതുവിദ്യാഭ്യാസ, ഭാവി സാങ്കേതികകാര്യ സഹമന്ത്രിയും യു.എ.ഇ ബഹിരാകാശ ഏജൻസി ചെയർപേഴ്സനുമായ സാറ അൽ അമീരിയാണ് സർവേ സംബന്ധിച്ച് വെളിപ്പെടുത്തിയത്.
തീരുമാനങ്ങൾ മെച്ചപ്പെടുത്താനും തന്ത്രപരമായ നയങ്ങൾ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്ന കാര്യമെന്നനിലയിലാണ് പഠനം നടത്തുന്നതെന്ന് അവർ വ്യക്തമാക്കി. സ്റ്റാർട്ടപ്പുകളുടെയും ചെറുകിട ഇടത്തരം കമ്പനികളുടെയും പ്രവർത്തനത്തെ സഹായിക്കാനും ഗവേഷണ പ്രോജക്ടുകൾ വർധിപ്പിക്കാനും സർവേഫലം ഉപകരിക്കുമെന്നും അമീരി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

