രാജ്യത്ത് കുട്ടികളുടെ സ്ക്രീൻ സമയം കൂടുതലെന്ന് പഠനം
text_fieldsദുബൈ: യു.എ.ഇയിലെ മൂന്നിലൊന്നിലേറെ കുട്ടികളും ആഴ്ചയിൽ ഏഴ് മണിക്കൂറിലധികം സമയം സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്നതായി പുതിയ പഠനം. രാജ്യത്തെ സ്കൂളുകൾ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിന് കർശനമായ നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷാർജ സർവകലാശാലയും അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ബെയ്റൂത്തും ചേർന്ന് നടത്തിയ ഗവേഷണത്തിൽ, രാജ്യത്തെ 37.7 ശതമാനം വിദ്യാർഥികൾ ഓരോ ദിവസവും ഏഴ് മണിക്കൂറിലധികം സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പ്രവൃത്തി ദിനങ്ങളിലെ ക്ലാസ് മുറികൾക്ക് പുറത്ത് ചെലവഴിക്കുന്ന സ്ക്രീൻ സമയമാണിത്. ഇത്തരം കുട്ടികളിൽ 68.8 ശതമാനം പേരും ഒരു ശാരീരിക, വ്യായാമ പ്രവർത്തനത്തിലും പങ്കെടുക്കുന്നില്ലെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്.
യു.എ.ഇയിലെ നാല് മുതൽ 17 വയസ്സ് വരെ പ്രായമുള്ള 300 കുട്ടികളുടെ രക്ഷിതാക്കൾ സമർപ്പിച്ച മൊബൈൽ ഫോൺ, ലാപ്ടോപ്, ടെലിവിഷൻ, ടാബ്ലെറ്റ് ഉപയോഗം സംബന്ധിച്ച ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. പ്രായം വർധിക്കുന്നതിനനുസരിച്ച് സ്ക്രീൻ സമയം വർധിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.കുട്ടികളുടെ സ്ക്രീൻ സമയം കുറക്കാനും ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കാനും രക്ഷിതാക്കൾ ശ്രദ്ധ നൽകണമെന്ന് റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് ഗവേഷകർ ആവശ്യപ്പെട്ടു. സ്ക്രീൻ സമയത്തിന് വ്യക്തമായ പരിധി നിശ്ചയിക്കാനും സ്പോർട്സ്, ഔട്ട്ഡോർ കളികൾ, കുടുംബ വിനോദയാത്രകൾ തുടങ്ങിയ ബദൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

