ബറക്ക ആണവോര്‍ജ നിലയം സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍
text_fieldsബറക്ക ആണവോര്‍ജ നിലയം സന്ദര്‍ശിക്കുന്ന വിദ്യാര്‍ഥികള്‍
അബൂദബി: പഠനത്തില്‍ മികവ് പുലര്‍ത്തുന്നവർക്ക് ബറക്ക ആണവോര്‍ജ നിലയം സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി അധികൃതര്‍. അല്‍ ദഫ്ര മേഖലയിലെ സ്‌കൂളുകളില്‍ 11, 12 ഗ്രേഡുകളില്‍ പഠിക്കുന്ന മികച്ച വിദ്യാര്‍ഥികള്‍ക്കാണ് ബറക്ക ആണവോര്‍ജ നിലയം സംബന്ധിച്ച അറിവ് പകര്‍ന്നുനല്‍കിയത്. എമിറേറ്റ് ആണവോര്‍ജ കോര്‍പറേഷന്‍റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. രാജ്യത്തെ വളരുന്ന ആണവോര്‍ജ മേഖലയിലേക്ക് ഭാവിയില്‍ കഴിവുള്ളവരെ സംഭാവന ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് ആണവോര്‍ജ നിലയം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് കോര്‍പറേഷന്‍ അവസരമൊരുക്കിയത്.
യു.എ.ഇയുടെ നെറ്റ് സീറോ 2050 (കാര്‍ബണ്‍മുക്ത യു.എ.ഇ) പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച ബറക്ക ആണവോര്‍ജ നിലയം സന്ദര്‍ശിച്ചതിലൂടെ മികച്ച അനുഭവമാണ് ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. എമിറേറ്റ്‌സ് ആണവോര്‍ജ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മുഹമ്മദ് ഇബ്രാഹിം അല്‍ ഹമ്മാദിയും കോര്‍പറേഷനിലെ ജീവനക്കാരും ചടങ്ങില്‍ സംബന്ധിക്കുകയും കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
നിലയത്തിന്റെ പ്രവര്‍ത്തനരീതികള്‍ തൊഴിലാളികള്‍ കുട്ടികളോട് വിശദീകരിച്ചു.അബൂദബിയിലെ ബറക്ക ആണവോര്‍ജ നിലയത്തിലെ രണ്ടാം യൂനിറ്റ് വാണിജ്യ ഉൽപാദനം കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു. നാഷനല്‍ ഗ്രിഡിലേക്ക് 1400 മെഗാവാട്സ് വൈദ്യുതിയാണ് രണ്ടാമത്തെ യൂനിറ്റില്‍നിന്ന് നല്‍കുന്നത്. ഇതോടെ നിലയത്തിന്റെ ആകെ കാര്‍ബണ്‍ രഹിത വൈദ്യുതി ഉൽപാദനം 2800 മെഗാവാട്സായി ഉയര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

