വിദ്യാർഥികളുടെ സ്കൂൾ യാത്ര; കർശന മാനദണ്ഡങ്ങളുമായി അഡെക്
text_fieldsഅബൂദബി: അബൂദബിയിൽ പതിനഞ്ച് വയസ്സിനു താഴെയുള്ള വിദ്യാർഥികൾ ഒറ്റക്ക് സ്കൂളിലേക്ക് വരാനും തിരിച്ച് പോകാനും വിലക്ക് ഏർപ്പെടുത്തുന്നു. സ്കൂളിനടുത്ത് താമസിക്കുന്ന വിദ്യാർഥികൾക്ക് പോലും ഇക്കാര്യത്തിൽ ഇളവുണ്ടാകില്ല. 15 വയസ്സിനു മുകളിലെ വിദ്യാർഥികൾക്കും ഒറ്റക്ക് യാത്ര ചെയ്യാൻ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധമായിരിക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അബൂദബി വിദ്യാഭ്യാസ അതോറിറ്റിയായ അഡെക്കാണ് ഇതുസംബന്ധിച്ച നിർദേശം രക്ഷിതാക്കൾക്ക് അയച്ചത്. കുട്ടികൾ സ്കൂളിലെത്തുന്നതിന് 45 മിനിറ്റ് മുമ്പും സ്കൂൾ വിട്ടതിന് ശേഷം 90 മിനിറ്റും വിദ്യാർഥികൾ സ്കൂളിന്റെ നിരീക്ഷണത്തിലായിരിക്കണം. ഇതിനായി പ്രത്യേക സൂപ്പർവൈസർമാരെ നിയോഗിക്കണം. 15 വയസ്സിനു താഴെയുള്ള വിദ്യാർഥികൾ മുതിർന്നവർക്കൊപ്പമല്ലാതെ സ്കൂളിലേക്ക് വരാനോ പോകാനോ പാടില്ല.
മുതിർന്നവർ ഒപ്പമില്ലാതെ നടന്നോ സ്വകാര്യ വാഹനത്തിലോ ടാക്സിയിലോ സ്കൂളിന്റേതല്ലാത്ത മറ്റ് വാഹനങ്ങളിലോ കുട്ടികളെ അയക്കരുത്. ഇവർ മുതിർന്നവരില്ലാതെ കാമ്പസ് വിട്ട് പോകാനും പാടില്ല. 15 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്കൂളിലേക്കും തിരിച്ചും ഒറ്റക്ക് യാത്രചെയ്യാമെങ്കിലും ഇതിന് മാതാപിതാക്കൾ രേഖാമൂലം അനുമതി നൽകിയിരിക്കണം. സ്കൂളിന്റേതല്ലാത്ത വാഹനത്തിൽ യാത്രചെയ്യുന്ന വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂളിന് ഉത്തരവാദിത്തമുണ്ടാവില്ല. മാതാപിതാക്കളല്ലാത്തവർ കുട്ടികളെ കൂട്ടാനെത്തുന്നുണ്ടെങ്കിൽ അക്കാര്യം സ്കൂളിനെ മുൻകൂട്ടി അറിയിക്കണം. അത്യാവശ്യഘട്ടങ്ങളിലായാൽ പോലും ഇക്കാര്യം പാലിക്കണം.
അത്തരം സാഹചര്യങ്ങള്‍ സ്കൂള്‍ അധികൃതര്‍ രേഖപ്പെടുത്തിവെക്കുകയും സ്കൂള്‍ ഗേറ്റില്‍ കുട്ടിയെ വിളിക്കാനെത്തുന്നവരുടെ ഐഡികള്‍ പരിശോധിക്കുകയും സുരക്ഷ ജീവനക്കാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പേരും മറ്റും നല്‍കുകയും വേണം. എല്ലാ പ്രവേശനകവാടങ്ങളിലും മുഴുവന്‍ സമയവും സുരക്ഷജീവനക്കാരെ നിയോഗിക്കണമെന്നും അഡെക് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

