പ്രതിരോധം ശക്തം; സുരക്ഷ, കരുതൽ
text_fieldsദുബൈ: തുടർച്ചയായി നാലാം ദിനവും ഇറാനിൽ നിന്ന് തുടരെ ഡ്രോണുകൾ എത്തിയെങ്കിലും ഫലപ്രദമായി പ്രതിരോധിക്കുന്നതിനൊപ്പം ആശ്വാസ പ്രഖ്യാപനങ്ങളും നടത്തി യു.എ.ഇ. വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയവരുടെ വിസ പിഴകൾ ഒഴിവാക്കി.
ഫെബ്രുവരി 28 ന് ശേഷം സന്ദർശകവിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവർക്കും ഇളവ് ബാധകം. താമസവിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും ഫൈൻ ഉണ്ടാവില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു.
അതേസമയം, ഇന്നലെ രാജ്യത്തേക്ക് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 129 ഡ്രോണുകളും എത്തിയതായി യു.എ.ഇ വ്യോമ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 121 ഡ്രോണുകളും ആകാശത്ത് വെച്ചുതന്നെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടയാൻ കഴിഞ്ഞതായി പ്രതിരോധ മന്ത്രാലയം എക്സ് എകൗണ്ടിലുടെ വ്യക്തമാക്കി.
എട്ട് ഡ്രോണുകൾ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പതിച്ചതായും സ്ഥിരീകരിച്ചു. ഇറാൻ ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ 189 ബാലിസ്റ്റിക് മിസൈലുകളാണ് രാജ്യത്തേക്ക് എത്തിയത്. ഇതിൽ 175 എണ്ണവും തകർക്കാൻ വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞു. 13 മിസൈലുകൾ കടലിൽ പതിച്ചു. ഒരു മിസൈൽ കരയിൽ വീണു. ഇതുവരെ 941 ഇറാൻ ഡ്രോണുകൾ എത്തിയെങ്കിലും 876 എണ്ണവും പ്രതിരോധിക്കാനായി. 65 എണ്ണം വിവിധ പ്രദേശങ്ങളിൽ വീണതായും സ്ഥീകരിച്ചിട്ടുണ്ട്. എട്ട് ക്രൂസ് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടെങ്കിലും മുഴുവനും യു.എ.ഇ ഫലപ്രദമായി പ്രതിരോധിച്ചു.
അതേസമയം, ആക്രമണങ്ങളിൽ ഇതുവരെ രാജ്യത്ത് മൂന്ന് മരണങ്ങളാണ് സ്ഥിരീകരിച്ചത്. പാകിസ്താൻ, നോപ്പൾ, ബംഗ്ലാദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടവർ.
ഇന്ത്യ, ഈജിപ്ത്, സുഡാൻ, ഇത്യോപ്യ, ഫിലിപ്പീൻസ്, പാക്സിതാൻ, ഇറാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എരിത്രിയ, ലബനാൻ, അഫ്ഗാൻ, യു.എ.ഇ പൗരൻമാർ എന്നിവർ ഉൾപ്പെടെ 78 പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേട്ട അതിഭീകര ശബ്ദം വ്യോമ പ്രതിരോധ സംവിധാനങ്ങൾ ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ പ്രതിരോധിച്ചതിന്‍റെതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധ സംവിധാനത്തിന്‍റെ നീക്കത്തിൽ ചില കെട്ടിടങ്ങക്ക് ചെറിയ കേടുപാടുകൾ സംഭവിക്കുകയും നിരവധി സിവിലയൻമാർക്കും നിസാര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്‍റെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമത്തിനും എതിരെ നടക്കുന്ന നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങൾ. ഏത് വിധേനയും ഈ ആക്രമണങ്ങൾ പ്രതിരോധിക്കാനും രാജ്യത്തിന്‍റെ അതിർത്തി സംരക്ഷിക്കാനും ജനങ്ങളേയും താമസക്കാരേയും സുരക്ഷിതാരാക്കാനും ആവശ്യമായ നടപടികൾ കൈകൊള്ളാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

