ഡെലിവറി ബൈക്കുകളിൽ പരിശോധന ശക്തം
text_fieldsഡെലിവറി ബൈക്കിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ
ദുബൈ: എമിറേറ്റിൽ പ്രവർത്തിക്കുന്ന ഡെലിവറി ബൈക്കുകളുടെ സുരക്ഷ ഉറപ്പാക്കാനായി പരിശോധന ശക്തമാക്കി അധികൃതർ. ദുബൈ പൊലീസ്, മാനവവിഭവ ശേഷി മന്ത്രാലയം, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പരിശോധന നടത്തുന്നത്. ഇതിനകം 1,059 പരിശോധനകളാണ് പൂർത്തിയാക്കിയത്.
തിരക്കേറിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ശക്തമായ പരിശോധന കാമ്പയിനുകൾ സജീവമാക്കിയിട്ടുള്ളത്. ഡൗൺടൗൺ ദുബൈ, ജുമൈറ, മോട്ടോർ സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഡെലിവറി മേഖലയിൽ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് 19 ബൈക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്.
റോഡ് സുരക്ഷയും ഡെലിവറി റൈഡർമാരുടെ മാനദണ്ഡങ്ങളും ഉറപ്പുവരുത്താനാണ് പരിശോധനകൾ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എയുടെ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മെഹ്ബൂബ് പറഞ്ഞു. സുരക്ഷാ വസ്ത്രങ്ങൾ ഉപയോഗിക്കുക, ആർ.ടി.എയുടെ സർട്ടിഫിക്കറ്റില്ലാതെ ഡെലിവറി സർവിസ് നടത്തുക, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങളെന്നും, ബൈക്ക് റൈഡർമാർക്കും മറ്റു റോഡ് ഉപയോക്താക്കൾക്കും ഇത് ഗുരുതരമായ അപകട സാധ്യത സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമ്പയിനിന്റെ ഭാഗമായി നിയമപരമായ നിർദേശങ്ങളും സുരക്ഷിതമായ ഡ്രൈവിങ് രീതികളും വിവരിക്കുന്ന വിദ്യാഭ്യാസ വിഡിയോകളുടെ ക്യു.ആർ കോഡുകളും ആർ.ടി.എ ഡെലിവറി റൈഡർമാർക്ക് കൈമാറുന്നുണ്ട്. ഡെലിവറി കമ്പനികൾ എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിയമം പാലിക്കാത്തത് ജീവൻ അപകടത്തിലാക്കുക മാത്രമല്ല, സേവന നിലവാരത്തെ കുറക്കുകയും ചെയ്യുമെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

