ഇന്ധന ട്രക്കുകളുടെ പാർക്കിങ്ങിൽ കർശന നിയന്ത്രണം
text_fieldsഅജ്മാൻ പെട്രോളിയം ട്രക്ക്
അജ്മാൻ: അനുവദിച്ച സ്ഥലങ്ങളിലല്ലാതെ പാർക്ക് ചെയ്യുന്ന ഇന്ധന ട്രക്കുകൾക്ക് 20,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അജ്മാൻ സർക്കാർ മുന്നറിയിപ്പുനൽകി. നിയമം കർശനമായി നടപ്പാക്കാൻ എമിറേറ്റിലെ സുപ്രീം എനർജി കമ്മിറ്റിയെ അധികാരപ്പെടുത്തി അജ്മാൻ സർക്കാർ ഉത്തരവിറക്കി. ജനവാസ മേഖലകളിൽ അപകടസാധ്യതകൾ കുറയ്ക്കുകയാണ് ലക്ഷ്യം.
നിയമ ലംഘനങ്ങൾ രേഖപ്പെടുത്താനും പിഴ ചുമത്താനും ജുഡീഷ്യൽ ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ ലംഘനത്തിന് 5,000 ദിർഹം, രണ്ടാംതവണ ആവർത്തിച്ചാൽ 10,000 ദിർഹം, മൂന്നാം തവണയും ആവർത്തിച്ചാൽ 20,000 ദിർഹം എന്നിങ്ങനെ പിഴ ഈടാക്കും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് കനത്തപിഴ വിധിക്കും. കൂടാതെ ഇത്തരം ട്രക്കുകൾ പിടിച്ചെടുത്ത് മുനിസിപ്പാലിറ്റി, ആസൂത്രണ വകുപ്പുമായി ഏകോപിപ്പിച്ച് പൊതുലേലത്തിൽ വിൽക്കും.
പെട്രോളിയം ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവെക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതുൾപ്പെടെ ലൈസൻസുള്ള കമ്പനികൾക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
തിരക്കേറിയ പ്രദേശങ്ങളിൽ നിയമം ലംഘിക്കുകയോ പൊതു സുരക്ഷക്ക് ഭീഷണിയാകുകയോ ചെയ്താൽ വാഹനം ഉടനടി നീക്കം ചെയ്യും. ഇതിന്‍റെ ചെലവ് വാഹന ഉടമയിൽനിന്ന് ഈടാക്കും. ഉത്തരവ് പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽവരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

