ഷാർജയിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം
text_fieldsഷാര്‍ജ: മേഖലയിലെ നിലവിലെ സാഹചര്യത്തിൽ എമിറേറ്റില്‍ ഡ്രോണുകളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഹലീമ ഹുമൈദ് അല്‍ ഉവൈസിന്‍റെ അധ്യക്ഷതയിൽ ചേർന്ന 16ാമത് യോഗമാണ് കരട് നിയമം അംഗീകരിച്ചത്.
ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഇസാം ബിന്‍ സഖര്‍ അല്‍ ഖാസിമി, സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല ആല്‍താനി, ഷാര്‍ജ ഗവണ്‍മെന്‍റ് ലീഗല്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാത്തരം ഡ്രോണുകളെയും നിയന്ത്രിക്കുന്നതാണ് പുതിയ നിയമമെന്ന് ശൈഖ് ഖാലിദ് ബിന്‍ ഇസാം ബിന്‍ സഖര്‍ അല്‍ ഖാസിമി പറഞ്ഞു.
ഷാര്‍ജയുടെ സമഗ്ര വികസന കാഴ്ചപ്പാടില്‍ ഈ നിയമനിര്‍മാണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഈ സാഹചര്യത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തന്നെ വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനും അതീവ പ്രാധാന്യം നല്‍കണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ഡ്രോണുകളുടെ രജിസ്ട്രേഷന്‍, വിവിധ വിഭാഗങ്ങളായുള്ള തരംതിരിക്കല്‍, പ്രവര്‍ത്തന ആവശ്യങ്ങള്‍ എന്നിവയ്ക്കുള്ള നടപടിക്രമങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരും. കൂടാതെ ഹെലിപാഡ് ഉപയോഗം, ഡ്രോണുകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഫ്‌ലൈറ്റ് സോണുകള്‍, ഉയര പരിധി, പ്രവര്‍ത്തനാനുമതിയുള്ള വ്യോമമേഖലകള്‍, ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്നിവയും കരട് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

