യു.എ.ഇയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍
text_fieldsഅബൂദബി: യു.എ.ഇയിലെ സ്‌കൂളുകളില്‍ പുതിയ അക്കാദമിക് വര്‍ഷം ആരംഭിച്ചതോടെ വിദ്യാർഥികളുടെ വേഷവിതാനം, മുടിവെട്ട്, ആരോഗ്യകരമായ ഭക്ഷണരീതികള്‍ എന്നിവ സംബന്ധിച്ച് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നു. പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ ആരോഗ്യവും അച്ചടക്കവും ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ നിയമങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുട്ടികളില്‍ അച്ചടക്കവും തുല്യതയും വളര്‍ത്താനും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്തരീക്ഷം ഒരുക്കാനുമാണ് ഇത്തരം നടപടികള്‍ ലക്ഷ്യമിടുന്നത്. ശിക്ഷാ നടപടികള്‍ എന്നതിലുപരി വിദ്യാർഥികളുടെ നന്മ മുന്‍നിര്‍ത്തിയാണ് സ്‌കൂളുകള്‍ പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നത്. വിദ്യാർഥികളില്‍ ഉത്തരവാദിത്തബോധവും സ്‌കൂളിനോടുള്ള ആത്മബന്ധവും വളര്‍ത്താനാണ് ഈ നിയമങ്ങളെന്ന് ക്രെഡന്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപിക ഥാപ്പര്‍ സിങ്, ജെംസ് ഫൗണ്ടേഴ്‌സ് സ്‌കൂള്‍ സി.ഇ.ഒ. മാത്യു ബര്‍ഫീല്‍ഡ് എന്നിവര്‍ വ്യക്തമാക്കി.
വിദ്യാർഥികളുടെ വ്യക്തിപരവും സാംസ്‌കാരികവുമായ തെരഞ്ഞെടുപ്പുകളെ മാനിക്കുമ്പോള്‍ തന്നെ അബൂദബി വിദ്യാഭ്യാസ- വിജ്ഞാന വകുപ്പിന്‍റെ പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ദിയാഫ ഇന്‍റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിക്കോള്‍ ഹെയ്ന്‍സ് അറിയിച്ചു.
നിയമങ്ങള്‍ ലംഘിക്കുന്ന വിദ്യാർഥികളോട് അധ്യാപകര്‍ സ്‌നേഹപൂര്‍വമായ ഇടപെടലുകളും ബോധവല്‍കരണവുമാണ് നടത്തുന്നത്. ആവര്‍ത്തിച്ചുള്ള വീഴ്ചകളില്‍ രക്ഷിതാക്കളുടെ പിന്തുണയോടെയുള്ള തിരുത്തല്‍ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഷൈനിങ് സ്റ്റാര്‍ ഇന്‍റര്‍നാഷനല്‍ സ്‌കൂള്‍ ഹെഡ് ഓഫ് ഇന്‍ക്ലൂഷന്‍ ആബി ഡാനിയേല്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെയും സ്‌കൂളിന്‍റെയും ഒന്നിച്ചുള്ള ഇടപെടലിലൂടെ ഭൂരിഭാഗം പ്രശ്‌നങ്ങളും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുന്നുണ്ട്. വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും തമ്മില്‍ കൃത്യമായ തുല്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വുഡ്ലം എജ്യൂക്കേഷന്‍ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ നൗഫല്‍ അഹമ്മദ് വ്യക്തമാക്കി.
പ്രധാന നിയന്ത്രണങ്ങള്‍
തലമുടിയും വേഷവിതാനവും: ആണ്‍കുട്ടികളുടെ നീളമുള്ള മുടി, തലയുടെ ഭാഗങ്ങള്‍ വടിച്ച് ബാക്കി ഭാഗം നീട്ടി വളര്‍ത്തുന്ന പോലുള്ള അമിത ഫാഷന്‍ ഹെയര്‍ സ്‌റ്റൈലുകള്‍ എന്നിവക്ക് വിവിധ സ്‌കൂളുകളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ സംസ്‌കാരത്തിനും അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പിന്‍റെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും അനുസൃതമായ ലളിതവും മാന്യവുമായ ശൈലിയാണ് സ്‌കൂളുകള്‍ ആവശ്യപ്പെടുന്നത്.
ഹുഡികള്‍ക്ക് വിലക്ക്: യൂനിഫോം നിലവാരം കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായി സ്‌കൂള്‍ അങ്കണത്തിലും ക്ലാസ് മുറികളിലും ഹുഡികള്‍ ധരിക്കുന്നതിന് നിയന്ത്രണമുണ്ട്.
എനര്‍ജി ഡ്രിങ്കുകള്‍ക്ക് നിരോധനം: കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍, ഉയര്‍ന്ന കലോറിയുള്ള പാനീയങ്ങള്‍, അനാരോഗ്യകരമായ ആഹാരങ്ങള്‍ എന്നിവ സ്‌കൂളുകളിലും കാന്‍റീനുകളിലും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

