യാചകർക്കെതിരെ കർശന നടപടി; റമദാൻ ആദ്യദിനം പിടിയിലായത് 17 പേർ
text_fieldsദുബൈ: എമിറേറ്റിൽ യാചകർക്കെതിരെ നടപടി കർശനമാക്കി ദുബൈ പൊലീസ്. റമദാൻ ആദ്യദിനമായ തിങ്കളാഴ്ച മാത്രം 17 പേരെ വിവിധ ഭാഗങ്ങളിൽനിന്നായി പൊലീസ് പിടികൂടി. വിശുദ്ധ മാസത്തിൽ ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് പൊലീസ് ‘യാചനക്കെതിരെ പൊരുതുക’ എന്ന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് 17 പേർ പിടിയിലായത്.
പിടിയിലായവരിൽ 13 പേർ പുരുഷൻമാരും നാലുപേർ സ്ത്രീകളുമാണെന്ന് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ കേണൽ അലി സാലിം അൽ ശംസി അറിയിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെ കഴിഞ്ഞ കാലയളവിൽ ഭിക്ഷാടകരുടെ എണ്ണത്തിൽ കുറവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിക്ഷാടകർ സാധാരണ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക സുരക്ഷയെയും രാജ്യത്തിന്റെ പ്രതിച്ഛായയെയും ബാധിക്കുന്നതിനാലാണ് യാചനക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നത്.
മോഷണം, കുട്ടികളെയും രോഗികളെയും ഭിന്നശേഷിക്കാരെയും ചൂഷണം ചെയ്യൽ കുറ്റകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ട് കണ്ടെത്താറുണ്ട്. ഇക്കാരണങ്ങളാലാണ് അധികൃതർ ശക്തമായ നടപടി സ്വീകരിച്ചുവരുന്നത്.
സാമ്പത്തിക സഹായം ആവശ്യമുള്ളവർക്കും ഇഫ്താർ ഭക്ഷണത്തിനും ഔദ്യോഗിക സംവിധാനങ്ങളും ജീവകാരുണ്യ സംരംഭങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. യു.എ.ഇ ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം ശിക്ഷാർഹമായ പ്രവൃത്തിയാണ്.
സംഭാവനകൾ അർഹരായ ദരിദ്രരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ചാരിറ്റബിൾ ഓർഗനൈസേഷനുകളെ ജനങ്ങൾ സമീപിക്കണം. യാചകരുടെ അഭ്യർഥനകളോട് പ്രതികരിക്കുകയോ സഹതാപത്തിന്റെ അടിസ്ഥാനത്തിൽ അവരുമായി ഇടപഴകുകയോ ചെയ്യരുതെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
901 എന്ന നമ്പർ വഴിയും, ‘പൊലീസ് ഐ’ സേവനം ആപ്ലിക്കേഷൻ വഴിയും യാചകരെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് സംവിധാനമുണ്ട്. സോഷ്യൽ മീഡിയയിലെ സഹതാപ സന്ദേശങ്ങൾക്കും ഇ-മെയിലുകൾക്കും മറുപടി നൽകരുതെന്നും ഇ-ക്രൈം വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

