അനാവശ്യ വിലവർധനക്കെതിരെ കർശന നടപടി
text_fieldsദുബൈ: നിലവിലെ സാഹചര്യത്തിൽ വിപണികളിൽ ഭക്ഷ്യ വസ്തുക്കൾക്ക് അമിതമായി വിലവർധിപ്പിക്കുന്നതിനെതിരെ കർശന നടപടിയെടുത്ത് അധികൃതർ. അനാവശ്യമായ വില വർധനവ് കണ്ടെത്താൻ ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതൽ മാർച്ച് 18 വരെ സാമ്പത്തിക, ടൂറിസം മന്ത്രാലയം നടത്തിയത് 8168 പരിശോധനകൾ. ഇതിൽ 729 പേർക്ക് മുന്നറിയിപ്പ് നൽകുകയും 216 പേർക്ക് 2,000 മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ ഈടാക്കുകയും ചെയ്തു. ഫെബ്രുവരി 28നും മാർച്ച് 18നും ഇടയിൽ ഉപഭോക്താക്കളിൽ നിന്ന് 2441 പരാതികളാണ് സാമ്പത്തിക ടൂറിസം മന്ത്രാലയത്തിന് ലഭിച്ചത്.
ഇതിൽ 1994 പരാതികൾ ഭക്ഷ്യ വില വർധനവുമായി ബന്ധപ്പെട്ടതും ഒമ്പത് പരാതികൾ ഹോട്ടലുകളുമായി ബന്ധപ്പെട്ടും 438 പരാതികൾ മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടതുമാണ്. വലിയ ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, പഴം തുടങ്ങിയ വിപണികളിൽ സാധാരണ വിപണനം നടത്തുന്ന ഉത്പന്നങ്ങളുടെ വില പരിശോധിക്കുന്നതിനായി ഫീൽഡ് സന്ദർശനം നടത്തുന്നതുൾപ്പെടെ നടപടികൾ സ്വീകരിച്ച് എല്ലാ പരാതികളും അതിവേഗത്തിൽ പരിഹരിക്കാൻ കഴിഞ്ഞു. വ്യാപാരികളും വിൽപ്പന കേന്ദ്രങ്ങളും ഉപഭോക്തൃ സംരക്ഷണ നയങ്ങൾ പാലിക്കുന്നുണ്ടെന്നും എല്ലാ ഉപഭോക്താക്കൾക്കും സുരക്ഷിതവും നീതിയുക്തവുമായ ഷോപ്പിങ് അന്തരീക്ഷം നൽകുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനാണ് കർശന പരിശോധനകൾ നടത്തിവരുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും വിപണിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നയങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി ക്രമേണ പിഴ നടപടികൾ വർധിപ്പിക്കാനാണ് മന്ത്രായത്തിന്‍റെ തീരുമാനം. ഓരോ നിയമലംഘനത്തിന്‍റെയും സ്വഭാവവും വ്യാപ്തിയും കണക്കിലെടുത്തായിരിക്കും പിഴ എത്രത്തോളമെന്ന് നിശ്ചയിക്കുക.
സാമ്പത്തിക വികസന വകുപ്പിന്‍റെയും പ്രത്യേക സംഘത്തിന്‍റെയും സഹായത്തോടെ വിപണിയുടെ പ്രവർത്തനം നിരീക്ഷിച്ചുവരികയാണ്. ഇലക്ട്രോണിക് പ്രൈസ് മോണിറ്ററിങ് സംവിധാനം ഉപയോഗിച്ച് യഥാസമയമുള്ള വില മനസിലാക്കാൻ സാധിക്കുന്നുണ്ട്. കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവ ഉൾപ്പെടെ ഏതാണ്ട് 627 പ്രധാന ചെറുകിട ഔട്ട്ലറ്റുകളിലാണ് ഇലക്ട്രോണിക് പ്രൈസ് മോണിറ്ററിങ് സംവിധാനം പ്രവർത്തിച്ചുവരുന്നത്. നിലവിലെ സാഹചര്യത്തിൽ വിപണികളിലെ സാധനങ്ങളുടെ ലഭ്യതയും വിലയും നിരീക്ഷിക്കുന്നതിനാണ് പ്രധാന പരിഗണനയെന്ന് സാമ്പത്തിക, ടൂറിസം മന്ത്രിയും ഉപഭോക്തൃ സംരക്ഷണത്തിനായുള്ള സുപ്രീം കമ്മിറ്റി ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

