Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അബൂദബിയിൽ തെരുവുപൂച്ച നിയന്ത്രണം
cancel

അബൂദബി: എമിറേറ്റിലെ തെരുവുപൂച്ചകളുടെ വർധനവ് തടയുന്നതിനായി കൂടുതൽ ദയാപരവും ശാസ്ത്രീയവുമായ നടപടികളുമായി അബൂദബി നഗരസഭ ഗതാഗത വകുപ്പ് (ഡി.എം.ടി.). പൂച്ചകളെ അവ വസിക്കുന്ന പ്രദേശങ്ങളിൽനിന്ന് പെട്ടെന്ന് പിടിച്ചുമാറ്റുന്നതുകൊണ്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടില്ലെന്നും, വന്ധ്യംകരണവും വാക്സിനേഷനും നടപ്പാക്കുന്ന പദ്ധതിയാണ് ഏറ്റവും ഫലപ്രദമെന്നും അധികൃതർ വ്യക്തമാക്കുന്നു.

തെരുവു പൂച്ചകളുടെ അമിത പ്രജനനം തടയുന്നതിനായി പ്രത്യേക പദ്ധതിയാണ് അധികൃതർ പ്രധാനമായും നടപ്പിലാക്കി വരുന്നത്. പൂച്ചകളെ പിടികൂടി, വന്ധ്യംകരിച്ച്, വാക്സിനേഷനും വിരശല്യത്തിനുള്ള മരുന്നുകളും നൽകി, മൈക്രോചിപ്പ് പിടിപ്പിച്ച് തിരികെ പിടിച്ച സ്ഥലത്തുതന്നെ തുറന്നുവിടുന്നതാണ് ഈ രീതി. ഇതിനകം വന്ധ്യംകരണം കഴിഞ്ഞ പൂച്ചകളെ എളുപ്പത്തിൽ തിരിച്ചറിയാൻ അവയുടെ ചെവിയുടെ അറ്റം ചെറിയ രീതിയിൽ മുറിക്കുന്ന വൈദ്യശാസ്ത്രപരമായ അടയാളപ്പെടുത്തലും നടത്തും.

മറ്റ് സ്ഥലങ്ങളിലേക്കുള്ള മാറ്റം പ്രായോഗികമല്ല

തെരുവു പൂച്ചകളെ പെട്ടെന്ന് പിടിച്ചുമാറ്റി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് ശാശ്വത പരിഹാരമല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

പൂച്ചകൾ നിർദിഷ്ട പ്രദേശങ്ങളുമായി ഇണങ്ങി ജീവിക്കുന്നവയായതിനാൽ പഴയ ഇടങ്ങളിലേക്ക് തിരികെയെത്താൻ ദീർഘദൂരം സഞ്ചരിക്കുകയും അത് വാഹനാപകടങ്ങളിൽപ്പെടാൻ കാരണമാകുകയും ചെയ്യും. മാത്രമല്ല, ജീവശാസ്ത്രപരമായ ‘വാക്വം ഇഫക്റ്റ്’ കാരണം ഒരു പ്രദേശത്തെ പൂച്ചകളെ പൂർണമായി മാറ്റുമ്പോൾ, അവിടേക്ക് മറ്റ് മേഖലകളിൽ നിന്നുള്ള പുതിയ പൂച്ചകൾ എത്താനും വീണ്ടും പ്രജനനം നടന്ന് എണ്ണം വർധിക്കാനും സാധ്യതയേറെയാണ്. കൂടാതെ, വീട്ടുപരിസരങ്ങളിലെ എലി അടക്കമുള്ളവയെ നിയന്ത്രിക്കുന്നതിനും പൂച്ചകളുടെ സാന്നിധ്യം സഹായിക്കുന്നുണ്ട്.

വാക്സിനേഷനും മറ്റും വിധേയരായ പൂച്ചകൾ ആളുകൾക്ക് ആരോഗ്യപരമായ ഭീഷണിയോ ദ്രോഹമോ ഉണ്ടാക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു. തെരുവുപൂച്ചകൾക്ക് പ്രത്യേക ഉടമസ്ഥരില്ലെങ്കിലും, ഇവ ജീവനുള്ളവയാണെന്ന പരിഗണനയോടെയും കാരുണ്യത്തോടെയും പെരുമാറണമെന്ന് അധികൃതർ അഭ്യർഥിച്ചു. പരിസരവാസികൾ നൽകുന്ന ഭക്ഷണവും വെള്ളവും പരിചരണവുമാണ് ഇവരുടെ പ്രധാന ആശ്വാസം. ജനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ പൂച്ചകളെ അകറ്റിനിർത്താൻ മാനുഷികവും സുരക്ഷിതവുമായ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

താമസക്കാരുടെ പ്രധാന ആശങ്കകൾ

തെരുവു പൂച്ചകളുമായി ബന്ധപ്പെട്ട് താമസക്കാരിൽ നിന്ന് ഉയരുന്ന പ്രധാനപ്പെട്ട ആറ് ആശങ്കകൾ വകുപ്പ് ചൂണ്ടിക്കാട്ടി:

പൂച്ചകളോടുള്ള ഭയം

അനാവശ്യ പെരുമാറ്റങ്ങൾ

വാഹനങ്ങളിൽ കയറിയിരിക്കുകയോ പ്രവേശിക്കുകയോ ചെയ്യുക

എണ്ണത്തിലുണ്ടാകുന്ന പെരുപ്പം

സ്വകാര്യ സ്വത്തുക്കളിലേക്ക് കയറുന്നത്

പരിസരങ്ങൾ കുഴിക്കുകയും മാലിന്യങ്ങൾ ഇടുകയും ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Abu Dhabi Municipality Transport Department takes steps to curb the increase in stray cats
Next Story