ദുബൈയിൽ വിദൂരപഠനം നിർത്തുന്നു: ഒക്ടോബർ മൂന്നിനുശേഷം ക്ലാസുകൾ നേരിട്ട് മാത്രം
text_fieldsസ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് കെ.എച്ച്.ഡി.എ
ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
ദുബൈ:സ്കൂൾ പ്രവേശനത്തിന് വാക്സിൻ നിർബന്ധമില്ല എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിൽ ഘട്ടംഘട്ടമായി കുട്ടികളുടെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ ദുരന്തനിവാരണ ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇതനുസരിച്ച് ഒക്ടോബർ മൂന്നോടെ ദുബൈയിലെ സ്കൂളുകളിൽ വിദൂരപഠനം അവസാനിക്കുകയും എല്ലാ കുട്ടികളും നേരിട്ട് സ്കൂളിൽ ഹാജരാകൽ നിർബന്ധമാവുകയും ചെയ്യും. ആഗസ്റ്റ് 29 മുതൽ ആരംഭിക്കുന്ന ക്ലാസുകളിൽ കുട്ടികൾക്ക് നേരിട്ടും അല്ലാതെയും പങ്കെടുക്കാം. എന്നാൽ, അഞ്ചാഴ്ച കഴിഞ്ഞാൽ നേരിട്ടുള്ള ക്ലാസുകൾ മാത്രമായി ഇത് മാറും.
നിലവിൽ ദുബൈയിലെ 96 ശതമാനം അധ്യാപകരും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായും 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികളിൽ 70 ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചതായും സമിതി വ്യക്തമാക്കി. ശക്തമായ ആരോഗ്യ സുരക്ഷ മുൻകരുതൽ സ്വീകരിച്ചുകൊണ്ടാകണം സ്കൂളുകളിൽ കുട്ടികളെയും ജീവനക്കാരെയും പ്രവേശിപ്പിക്കേണ്ടത്. സ്കൂൾ മാനേജ്മെൻറുകളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടിയ ശേഷമാണ് അധികൃതർ ഈ തീരുമാനം എടുത്തത്. സാധാരണഗതിയിലേക്ക് മാറുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടിയെന്ന് ദുരന്തനിവാരണ സമിതി ഉന്നതാധികാര സമിതി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. മുൻകരുതൽ നടപടികളും ആരോഗ്യ മാനദണ്ഡങ്ങളും കാര്യക്ഷമമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദുബൈയിലെ വിദ്യാഭ്യാസ സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ കമ്മിറ്റി അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. അതേസമയം, ദുബൈ സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നടത്തുേമ്പാൾ പാലിക്കേണ്ട നിബന്ധനകൾ വ്യക്തമാക്കുന്ന നിർദേശങ്ങൾ ദുബൈ വിദ്യഭ്യാസ വകുപ്പ് (കെ.എച്ച്.ഡി.എ) പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് വാക്സിൻ സ്വീകരിക്കണമെന്നോ നിശ്ചിത ഇടവേളകളിൽ പി.സി.ആർ പരിശോധന നടത്തണമെന്നോ പ്രവേശനത്തിന് മാനദണ്ഡമല്ല. ഒക്ടോബർ മൂന്നിനുശേഷം വിദൂരപഠനം നടത്താൻ വിദ്യാർഥി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനെടുക്കാത്ത സ്കൂൾ ജീവനക്കാർ എല്ലാ ആഴ്ചയും പി.സി.ആർ എടുക്കണമെന്നും നിർദേശമുണ്ട്. കോവിഡ് പോസിറ്റിവ് കേസുകൾ കണ്ടെത്തിയാൽ വിദ്യാർഥി ഉൾപ്പെടുന്ന ക്ലാസിലോ ഗ്രൂപ്പിലോ ബാച്ചിലോ താൽകാലികമായി വിദൂരവിദ്യഭ്യാസം നടപ്പാക്കും.
ആറുവയസ്സിൽ കൂടുതലുള്ള എല്ലാവരും സ്കൂളിൽ മാസ്ക് ധരിക്കണം. സാമൂഹിക അകലം ഒന്നര മീറ്ററിൽനിന്ന് ഒരു മീറ്ററായി ചുരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ സ്കൂളുകളിലും കോളജുകളിലും പ്രവേശിക്കുന്നതിന് വിദ്യാർഥികൾ പാലിക്കേണ്ട വാക്സിനേഷൻ, പി.സി.ആർ പരിശോധന മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എന്നാൽ, എമിറേറ്റുകൾക്ക് സ്വന്തമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അനുമതി നൽകുകയുണ്ടായി.
സ്കൂളിൽ അനുവദനീയമായ കാര്യങ്ങൾ
1. ബസുകൾ ഫുൾ കപ്പാസിറ്റിയിൽ ഓടാം
2. നീന്തൽ-കായിക പരിശീലനം
3. സ്കൂൾ ട്രിപ്പുകൾ, ക്യാമ്പുകൾ, പഠനയാത്രകൾ
4. എക്സ്ട്ര കരിക്കുലർ പ്രവർത്തനങ്ങൾ
5. അസംബ്ലി, കലാപ്രകടനങ്ങൾ, മറ്റു പരിപാടികൾ
6. സ്കൂൾ കാൻറീനുകൾക്കും പ്രവർത്തിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

