ട്രാഫിക് ബ്ലോക്കിലും ശ്രദ്ധവേണം; അപകട ദൃശ്യങ്ങള്‍ പങ്കുവച്ച് അബൂദബി പൊലീസ്
text_fieldsഅബൂദബി പൊലീസ് പുറത്തുവിട്ട റോഡ് അപകട ദൃശ്യം
അബൂദബി: റോഡില്‍ ഏത് സമയത്തും ട്രാഫിക് ബ്ലോക്ക് ഉണ്ടാവാമെന്നും അശ്രദ്ധയോടെയുള്ള ഡ്രൈവിങ് അപകടത്തിനു കാരണമാവുമെന്നും ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് അബൂദബി പൊലീസ്. വാഹനമോടിക്കുന്നതിനിടയില്‍, പ്രത്യേകിച്ച് ഗതാഗതക്കുരുക്കിലോ സിഗ്‌നലുകളിലോ വാഹനം നിര്‍ത്തിയിടുമ്പോഴോ ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിച്ച് ശ്രദ്ധ തിരിക്കരുതെന്ന് അബൂദബി പൊലീസ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ട്രാഫിക് ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി പുറത്തുവിട്ട യഥാര്‍ഥ അപകട ദൃശ്യങ്ങള്‍ പങ്കുവച്ചാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം ആവര്‍ത്തിച്ചത്. ഗതാഗതക്കുരുക്കില്‍ വാഹനം പതുക്കെയാകുമ്പോഴും നിര്‍ത്തിയിടുമ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗം, ഇന്റര്‍നെറ്റ് ബ്രൗസിങ്, ചിത്രങ്ങള്‍ പകര്‍ത്തല്‍ എന്നിവ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വാഹനമോടിക്കുന്നതിനിടയില്‍ ഏതെങ്കിലും തരത്തില്‍ റോഡില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞ് അപകടമുണ്ടായാല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷയായി ലഭിക്കും. യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എല്ലാവരും സുരക്ഷിത ഡ്രൈവിങ് ശീലങ്ങള്‍ പാലിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

