സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്: ഇത്തവണ പെൺകുട്ടികൾക്കും അവസരം
text_fieldsയു.എ.ഇയിലെ സ്കൂൾ പ്രിൻസിപ്പൽമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ അയച്ച സർക്കുലർ
ദുബൈ: ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഇത്തവണയും യു.എ.ഇയിലെ കേരള സിലബസ് സ്കൂളുകൾ പങ്കെടുക്കും. ഇത്തവണ പെൺകുട്ടികൾക്കും മേളയിൽ അവസരം നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തിലെ 14 ജില്ലകൾക്ക് പുറമെ 15ാമത് ജില്ലയെന്ന നിലയിലായിരിക്കും പ്രവാസി താരങ്ങൾ കായിക മേളയിൽ പങ്കെടുക്കുക. കഴിഞ്ഞ വർഷം കൊച്ചിയിൽ നടത്തിയ കായികമേളയിലും യു.എ.ഇയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചിരുന്നു.
ഇത്തവണയും യു.എ.ഇയിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം ഉണ്ടാവണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ പ്രിൻസിപ്പൽമാർക്ക് സർക്കുലർ അയച്ചിരിക്കുകയാണ്. മേളയിലേക്ക് മികച്ച താരങ്ങളെ കണ്ടെത്താൻ യു.എ.ഇ തലത്തിൽ മത്സരങ്ങൾ നടത്തണമെന്നാണ് സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ അയച്ച സർക്കുലറിലെ നിർദേശം.
ഇതനുസരിച്ച് യു.എ.ഇ ക്ലസ്റ്റർ തല മത്സരങ്ങൾ നടക്കും. ഇതിൽ നിന്ന് കണ്ടെത്തുന്ന മികച്ച താരങ്ങളെ സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുപ്പിക്കും. സ്കൂൾ ഒളിമ്പിക്സിൽ ജേതാവാകുന്ന പ്രവാസി താരങ്ങൾക്ക് ദേശീയ സ്കൂൾ മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കാം.
യു.എ.ഇയിൽ നിന്നുള്ള മത്സരാർഥികൾക്കും ഇവരെ അനുഗമിക്കുന്ന ജീവനക്കാർക്കും താമസവും ഭക്ഷണവും സൗജന്യമായി നൽകുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇത്തവണ ഒക്ടോബർ 22 മുതൽ 27 വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. യു.എ.ഇയിലെ എട്ട് സ്കൂളിലാണ് നിലവിൽ കേരള സിലബസുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

