സ്റ്റാർട്ടപ് പ്രോത്സാഹനം: ദുബൈ സിലിക്കൺ ഒയാസിസ്-ഇന്ത്യ ഇന്നവേഷൻ ഹബ് സഹകരണം
text_fieldsദുബൈ സിലിക്കൺ ഒയാസിസ്- ഇന്ത്യ ഇന്നവേഷൻ ഹബ് അധികൃതരുടെ കൂടിക്കാഴ്ച
ദുബൈ: സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ദുബൈ സിലിക്കൺ ഒയാസിസിലെ ഡി.ടെകും ഇന്ത്യ ഇന്നവേഷൻ ഹബ്ബും സഹകരിക്കുന്നു. ബിസിനസ് ടു ബിസിനസ് ഇവന്‍റുകളിലൂടെയും എലവേറ്റ്, പിച്ചിങ് സെഷനുകളിലൂടെയും ആഗോള നിക്ഷേപക സമൂഹത്തിന് മുന്നിൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളേയും നവീനാശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്ലാറ്റ്ഫോം രൂപപ്പെടുത്തുന്നതാണ് പദ്ധതി. ഇതുസംബന്ധിച്ച് ദുബൈ ഇന്ത്യൻ കോൺസൽ ജനറലും എക്‌സ്‌പോ 2020 ദുബെ ഇന്ത്യൻ ഡെപ്യൂട്ടി കമീഷണർ ജനറലുമായ ഡോ. അമൻ പുരിയും കോൺസൽ സിദ്ധാർഥ ബറൈലിയും ദുബൈ സിലിക്കൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോ. ജുമാ അൽ മത്രൂഷിയുമായും സിലിക്കൺ ഒയാസിസിലെ ടെക്‌നോളജി ആൻഡ് എൻറർപ്രണർഷിപ് സീനിയർ വൈസ് പ്രസിഡന്‍റ് ഗാനിം അൽ ഫലാസിയുമായും കൂടിക്കാഴ്ച നടത്തി.
എക്‌സ്‌പോ 2020 ദുബൈയിലെ ഇന്ത്യൻ പവലിയെൻറ ഭാഗമാണ് ഇന്ത്യ ഇന്നവേഷൻ ഹബ്. ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രശസ്തമായ 500 സ്റ്റാർട്ടപ്പുകളെയാണ് പവലിയനിൽ പ്രദർശിപ്പിക്കുന്നത്. ദുബൈ സിലിക്കൺ ഒയാസിസിെൻറ പൂർണ ഉടമസ്ഥതയിലുള്ളതാണ് ഡി.ടെക്. കോവർക്കിങ് സൗകര്യം, ബിസിനസ് ആക്‌സിലറേറ്ററുകൾ, ആർ ആൻഡ് ഡി സൗകര്യങ്ങൾ, ഇവന്‍റ് സ്‌പെയ്‌സുകൾ, ലൈസൻസിങ് എന്നിവ ഉൾപ്പെടെ ഡിജിറ്റൽ ബിസിനസ് സജ്ജീകരണത്തിന് എല്ലാ പിന്തുണയും ഇത് നൽകുന്നുണ്ട്. സാങ്കേതികവിദ്യ, ആർട്ടിഫിഷൽ ഇന്‍റലിജൻസ്, ഡിജിറ്റലൈസേഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകർ, സ്റ്റാർട്ടപ്പുകൾ, ഇന്നവേറ്റേഴ്സ് എന്നിവരെ ഡി.ടെക് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

