മദര്‍ ഓഫ് ദ നേഷന്‍ ഫെസ്റ്റിവല്‍ തുടങ്ങി
text_fieldsഅബൂദബി: അഞ്ചാമത് മദര്‍ ഓഫ് ദ നേഷന്‍ ഫെസ്റ്റിവല്‍ അബൂദബിയില്‍ ആരംഭിച്ചു. യു.എ.ഇയിലെ ശ്രദ്ധേയമായ സാംസ്കാരിക മേളകളിലൊന്നായ മദര്‍ ഓഫ് ദ നേഷന്‍ ഫെസ്റ്റിവല്‍ 10 ദിവസമാണുണ്ടാവുക. അബൂദബി കോര്‍ണിഷില്‍ അബൂദബി ഡിപ്പാര്‍ട്മെൻറ് ഓഫ് കൾചര്‍ ആന്‍ഡ് ടൂറിസം സംഘടിപ്പിക്കുന്ന മേള ഡിസംബര്‍ 18ന് സമാപിക്കും. ശൈഖ ഫാത്വിമ ബിന്ത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദര്‍ ഓഫ് ദ നേഷന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മേളയില്‍ തത്സമയം അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കുടുംബാംഗങ്ങള്‍ക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിനോദപരിപാടികള്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യമേള മുതലായ പരിപാടികളുണ്ട്. മേളയെ ആറ് പ്രത്യേക മേഖലകളാക്കിയാണ് തിരിച്ചിരിക്കുന്നത്.
പ്രവൃത്തിദിനങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ അർധരാത്രി വരെയും വാരാന്ത്യങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ അർധരാത്രി വരെയും പ്രവേശനം അനുവദിക്കും. ടിക്കറ്റ് ഉൾപ്പെടെയുള്ള വിവരങ്ങള്‍ https://www.motn.ae/ എന്ന വിലാസത്തില്‍ ലഭ്യമാണ്. മേളയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. ഫാത്വിമ ബിന്ത് മുബാറകിെൻറ പൈതൃകം, നേട്ടങ്ങള്‍ എന്നിവയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അബൂദബി ഖാലിദിയയിലെ അല്‍ ബതീന്‍ സ്ട്രീറ്റില്‍ നിര്‍മിച്ച ശൈഖ ഫാത്വിമ പാര്‍ക്ക് യു.എ.ഇയുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി തുറന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

