സ്റ്റാർട്ട്, ആക്ഷൻ, കട്ട്; ഇതിൽ ഏതാണ് മനസ്സിലാകാത്തത്
text_fieldsഷാർജ: വെള്ളിത്തിരയുടെ വെള്ളിവെളിച്ചം ഇഷ്ടപ്പെടാത്തവർ മലയാളികളിൽ ചുരുക്കമായിരിക്കും. കാരണം പ്രായഭേദമന്യേ മലയാളിയുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നാണ് സിനിമ. അഭിനയവും സംവിധാനവും നിർമാണവുമൊക്കെ അവരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. സിനിമ നിർമാണം പലരുടെയും ജീവതാഭിലാഷവുമാണ്. മൊബൈൽ ഫോണുകളിൽപോലും ചെറു സിനിമകൾ നിർമിക്കുന്ന അനേകം പേരെ നമുക്ക് പ്രവാസ ലോകത്ത് കാണാനാകും. സിനിമ നിർമാണം, സംവിധാനം, കാമറയുടെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പ്രഗത്ഭരിൽ നിന്നുതന്നെ കേൾക്കാനും പഠിക്കാനുമുള്ള അവസരമാണ് ഗൾഫ് മാധ്യമം കമോൺ കേരളയിലെ ലൈറ്റ്സ്, കാമറ, ആക്ഷൻ.
സിനിമ നിർമാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രേക്ഷകരുമായി സംവദിക്കുന്ന വേദിയാണിത്. ഇന്ത്യൻ സിനിമയെ ലോക നിലവാരത്തിലേക്ക് നയിച്ച പ്രശസ്ത സംവിധായകരും തിരക്കഥാകൃത്തുക്കളുമായ ബ്ലസി ഐപ്പ് തോമസ്, സലിം അഹമ്മദ് എന്നിവരാണ് ഈ സെഷന് നേതൃത്വം നൽകുന്നത്. പ്രവാസ ജീവിതത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളെ മനോഹരമായി വെള്ളിത്തിരയിലെത്തിച്ച സംവിധായകനാണ് ബ്ലസി. പ്രവാസികളുടെ നിസ്സഹായതയും നോവുകളും വരച്ചുകാട്ടിയ പത്തേമാരി പോലുള്ള സിനിമകൾ മലയാള സിനിമക്ക് സമ്മാനിച്ച സംവിധായകനാണ് സലിം അഹമ്മദ്. ഷാർജ എക്സ്പോ സെന്ററിൽ കമോൺ കേരളയുടെ അവസാന ദിനമായ ജൂൺ ഒമ്പതിന് മിനി സ്റ്റേജിൽ വൈകീട്ട് മൂന്നുമുതൽ നാലുവരെ ഇവർ രണ്ടുപേരും പ്രേക്ഷകരുമായി സംവദിക്കും.
സിനിമയെ കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ല അവസരം ഇനി വന്നെത്താനില്ല. സിനിമയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനുള്ള അവസരം സന്ദർശകർക്കുണ്ടായിരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ ഇന്നു തന്നെ ഉറപ്പുവരുത്തുക. രജിസ്ട്രേഷനായി Lights, Camera, Action: cokuae.com/events/lightscameraaction എന്ന ലിങ്ക് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

