ആവേശം പകർന്ന് താരത്തിളക്കം
text_fieldsദുബൈയിൽ നടന്ന തൊഴിലാളികളുടെ ഈദ് ആഘോഷ വേദിയിൽ നിന്ന്
ദുബൈ: കരുതലും സ്നേഹവും നിറഞ്ഞ ആഘോഷങ്ങളുമായി ദുബൈ നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ ഈ നാടിന്‍റെ വളർച്ചക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ഇത്തവണത്തെ ബലിപെരുന്നാൾ മറക്കാനാകാത്ത അനുഭവമായി മാറി. നിരവധി ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും വിവിധ രാജ്യങ്ങളിലെ കലാകാരന്മാരുടെ പ്രകടനവും ഈദ് ആഘോഷത്തിന്‍റെ പൊലിമ കൂട്ടി. ഒപ്പം, കൈനിറയെ സമ്മാനങ്ങളുമായതോടെ ദുബൈയിൽ നടന്ന തൊഴിലാളികളുടെ ഈദ് ആഘോഷം ഏറെ ശ്രദ്ധേയമായി. ദുബൈ അൽ ഖൂസ് ആയിരുന്നു ആഘോഷത്തിന്‍റെ പ്രധാന വേദി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ്–ദുബൈ (ജി.ഡി.ആർ.എഫ്.എ ദുബൈ)യും ദുബൈ പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സും സംയുക്തമായാണ് വിപുലമായ ഈദുൽ അദ്ഹ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. 1,27,000-ത്തിലധികം തൊഴിലാളികളാണ് പങ്കാളികളായത്.ആഘോഷത്തിന്‍റെ ആവേശം ഇരട്ടിയാക്കിയത് വമ്പിച്ച നറുക്കെടുപ്പായിരുന്നു. ആകെ 600 സമ്മാനങ്ങളാണ് തൊഴിലാളികൾക്കായി വിതരണം ചെയ്തത്. അതിൽ നാല് ഭാഗ്യശാലികൾക്ക് മഹാസമ്മാനമായി കാറുകൾ ലഭിച്ചു. ഡു ടെലികോം, പ്രമുഖ മലയാളി സ്വർണവ്യാപാര ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നൂൺ ഫുഡ്, വെസ്റ്റേൺ യൂനിയൻ അടക്കമുള്ള പ്രമുഖ ബ്രാൻഡുകളാണ് വൻകിട പരിപാടിയുടെ മുഖ്യ പ്രായോജകരായി എത്തിയത്.
മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ദുബൈ പൊലീസ്, ദുബൈ കസ്റ്റംസ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സിവിൽ ഡിഫൻസ്, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ സ്വകാര്യ കമ്പനികളുടെയും കൂട്ടായ പ്രവർത്തനഫലമായാണ് ഈ വമ്പൻ പദ്ധതി വിജയകരമായി നടപ്പാക്കാനായത്.
നേരിട്ടും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ഇത്രയും വലിയ ജനവിഭാഗത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞത് പദ്ധതിയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബൈ പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. സ്ഥാപനമികവും മാനുഷിക മൂല്യങ്ങളും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന മാതൃകാപരമായ സമീപനമാണ് ജി.ഡി.ആർ.എഫ്.എ പിന്തുടരുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസി. ഡയറക്ടർ ജനറൽ കേണൽ ഒമർ മത്തർ അൽ മുഹൈരി അഭിപ്രായപ്പെട്ടു.
സാന്നിധ്യമായി ബോളിവുഡ് താരങ്ങൾ; റെക്കോഡ് പങ്കാളിത്തം
കലയും സംസ്കാരവും സംഗീതവും സമന്വയിപ്പിച്ച നിരവധി വിനോദ പരിപാടികളാണ് തൊഴിലാളികൾക്കായി ഒരുക്കിയിരുന്നത്. ആഘോഷങ്ങൾക്ക് ഗ്ലാമർ പകർന്ന് ബോളിവുഡ് താരങ്ങളുടെ മനോഹര പ്രകടനങ്ങൾ വേദിയിൽ അരങ്ങേറി. പ്രിയ താരങ്ങളുടെ പ്രകടനം ലേബർ ക്യാമ്പുകളിൽ വൻ ആവേശമാണ് സൃഷ്ടിച്ചത്. പെരുന്നാളിന്‍റെ ആദ്യ രണ്ട് ദിവസങ്ങളിലായി നടന്ന നേരിട്ടുള്ള ആഘോഷങ്ങളിൽ മാത്രം 55,000-ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു. ദുബൈയിലെ 31 ലേബർ അക്കമൊഡേഷനുകളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടികളിൽ 51,000 തൊഴിലാളികൾ ആവേശത്തോടെ പങ്കാളികളായി. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവരെ കൂടി ആഘോഷത്തിന്‍റെ ഭാഗമാക്കാൻ ‘ബ്ലൂ കണക്ട്’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമും സജ്ജമാക്കിയിരുന്നു. ഈ നൂതന വിർച്വൽ സംവിധാനത്തിലൂടെ 21,758 തൊഴിലാളികൾ ആഘോഷങ്ങളിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

