സൗദിയിൽ സ്റ്റേബിൾ കോയിനുകൾ നടപ്പാക്കുന്നു
text_fieldsജിദ്ദ: ഡിജിറ്റൽ കറൻസിയുടെ ഭാഗമായി സൗദി അറേബ്യ സ്റ്റേബിൾ കോയിനുകൾ നടപ്പാക്കാൻ തയാറാകുന്നതായി റിപ്പോർട്ട്. ആഗോള ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ രാജ്യത്തിന്റെ വളർന്നുവരുന്ന ഡിജിറ്റൽ ആസ്തി അഭിലാഷങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതായി അൽ അറേബ്യ ചാനൽ റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന, യുഎസ് ഡോളർ, സ്വർണം അല്ലെങ്കിൽ മറ്റൊരു ഫിയറ്റ് കറൻസി പോലുള്ള ഒരു റിസർവ് ആസ്തിയുമായി ബന്ധിപ്പിച്ച് സ്ഥിരതയുള്ള മൂല്യം നിലനിർത്താൻ രൂപകൽപന ചെയ്ത ഒരു തരം ഡിജിറ്റൽ കറൻസിയാണ് സ്റ്റേബിൾ കോയിനുകൾ.
കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി, സെൻട്രൽ ബാങ്ക് എന്നിവയുമായി സഹകരിച്ച് സർക്കാർ ഉടനെ സ്റ്റേബിൾ കോയിനുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രി മജീദ് അൽ ഹുഖൈൽ വ്യക്തമാക്കി. സൗദി മൂല്യങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഡിജിറ്റൽ കറൻസികൾ വികസിപ്പിച്ചെടുത്താൽ, അത് വേഗതയേറിയ ഒരു സാമ്പത്തിക സംവിധാനം സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിറ്റ്കോയിൻ അല്ലെങ്കിൽ എതേറിയം പോലുള്ള ക്രിപ്റ്റോ കറൻസികളിൽനിന്ന് വ്യത്യസ്തമായി, വിലകളിൽ കുത്തനെ ചാഞ്ചാടുന്ന, ഡിജിറ്റൽ ആസ്തികളുടെ വേഗതയും കാര്യക്ഷമതയും പരമ്പരാഗത പണത്തിെൻറ വിശ്വാസ്യതയുമായി സംയോജിപ്പിക്കാൻ സ്റ്റേബിൾകോയിനുകൾക്ക് കഴിയും.
വേഗത്തിലുള്ള പേമെൻറുകൾ, പണമടയ്ക്കൽ, രാജ്യാന്തര വിനിമയ ഇടപാടുകൾ എന്നിവക്കായി സ്റ്റേബിൾ കോയിനുകൾ കൂടുതലായി ഉപയോഗിക്കുന്നു. ഗൾഫ് മേഖലയിൽ, യു.എ.ഇ ചില രംഗങ്ങളിൽ സ്റ്റേബിൾ കോയിൻ പേമെൻറുകൾ അനുവദിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ നിയന്ത്രിത, യൂട്ടിലിറ്റി അധിഷ്ഠിത സ്റ്റേബിൾ കോയിനുകളുടെ പര്യവേക്ഷണം ‘മേഖലയുടെ ഡിജിറ്റൽ-ആസ്തി ലാൻഡ്സ്കേപ്പിന് ഒരു വഴിത്തിരിവാണ്’ എന്ന് ആഗോള ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ബിംഗ്എക്സിലെ ചീഫ് പ്രൊഡക്റ്റ് ഓഫിസർ വിവിയൻ ലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

