സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ കൊയ്തുത്സവം ഇന്ന്
text_fieldsസെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ കൊയ്തുത്സവം സംബന്ധിച്ച് ബ്രഹ്‌മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ്, ഫാ. എൽദോ എം പോള്‍ തുടങ്ങിയവര്‍ വിശദീകരിക്കുന്നു
അബൂദബി: സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്‍റെ കൊയ്തുത്സവം ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് ദേവാലയ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസി കോണ്‍സല്‍ ബാലാജി രാമസ്വാമി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ബ്രഹ്‌മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ഉത്സവത്തിന് ഇടവക വികാരി ഫാ. എൽദോ എം പോള്‍ നേതൃത്വം നല്‍കും. ഇടവകാംഗങ്ങള്‍ തയാറാക്കിയ നാടന്‍ ഭക്ഷണ വിഭവങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവക്കുപുറമെ കലാരൂപങ്ങള്‍, വീട്ടുപകരണങ്ങള്‍, പഠന സാമഗ്രികള്‍, വിവിധയിനം സസ്യങ്ങള്‍ തുടങ്ങിയവ പരിപാടിയില്‍ സജ്ജമാക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയവരുടെയും ഉപരിപഠനത്തിനു വിദേശത്ത് പോയവരുടെയും പുനഃസമാഗമം കൂടിയാവും ഉത്സവം. യു.എ.ഇയുടെ 51ാം ദേശീയദിനാഘോഷത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 51 സ്റ്റാളുകളാണ് ഇക്കുറി തയാറാക്കുന്നത്. ഇന്ത്യയുടെ 75ാം വര്‍ഷികവും യു.എ.ഇ ദേശീയ ദിനാഘോഷങ്ങളും ഇതോടൊപ്പം നടക്കും.
വാര്‍ത്തസമ്മേളനത്തില്‍ ബ്രഹ്‌മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ്, ഇടവക വികാരി ഫാ. എൽദോ എം. പോള്‍, ട്രസ്റ്റി തോമസ് ജോര്‍ജ്, സെക്രട്ടറി ഐ. തോമസ്, ജനറല്‍ കണ്‍വീനര്‍ റെജി ഉലഹന്നാന്‍, ജോ. ഫിനാന്‍സ് കണ്‍വീനര്‍ റോയ് മോന്‍ ജോയ്, മീഡിയ കണ്‍വീനര്‍ ജോസ് തരകന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

