കുട്ടി താരങ്ങളെ വളർത്താൻ പരിശീലനവുമായി സ്പോർട്സ് ഫെഡറേഷൻ
text_fieldsകായിക താരങ്ങളെ വളർത്തിയെടുക്കുന്ന പദ്ധതിയെ കുറിച്ച് അധികൃതർ വിശദീകരിക്കുന്നു

ദുബൈ: യു.എ.ഇയിലെ സ്കൂളുകളിൽ താരങ്ങളെ വളർത്തിയെടുക്കാൻ പരിശീലന പദ്ധതിയുമായി യു.എ.ഇ സ്പോർട്സ് ഫെഡറേഷൻ. ഇമാറത്തി പൗരൻമാർക്കും പ്രവാസികൾക്കും ഉപകാരപ്പെടുന്നതാണ് പദ്ധതി. എട്ട് കായിക ഇനങ്ങളാണ് ഇതിൽ ഉൾപെടുത്തിയിരിക്കുന്നത്. ജൂഡോ, ഷൂട്ടിങ്, ഫെൻസിങ്, അത്ലറ്റിക്സ്, അമ്പെയ്ത്ത്, നീന്തൽ, തൈക്വാണ്ടോ, ബാഡ്മിന്റൺ എന്നിവയിലാണ് പരിശീലനം.
മികച്ച കോച്ചുമാരുടെ കീഴിലാണ് പരിശീലനം. വിവിധ കായിക ഇനങ്ങളുടെ പരിശീലനം തുടങ്ങിക്കഴിഞ്ഞു. വിവിധ സ്പോർട്സ് ഫെഡറേഷനുകളും എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻറ് എന്നിവയുമായി സഹകരിച്ചായിരിക്കും പരിശീലനം. കായിക ഇനങ്ങളെ രണ്ടായി തിരിച്ചാണ് പരിശീലനം നൽകുന്നത്.
ആദ്യ ഗ്രൂപ്പിൽ ജൂഡോ, ഷൂട്ടിങ്, ഫെൻസിങ്, അത്ലറ്റിക്സ്, അമ്പെയ്ത്ത് എന്നിവയുണ്ട്. ഈ ഗ്രൂപ്പിനായിരിക്കും കൂടുതൽ പ്രാധാന്യം. രണ്ടാം ഗ്രൂപ്പിൽ തൈക്വോണ്ടോ, നീന്തൽ, ബാഡ്മിന്റൺ എന്നിവയുണ്ട്. എല്ലാ കുട്ടികൾക്കും തുല്യ അവസരമായിരിക്കും ലഭിക്കുക.
യു.എ.ഇയിൽ നടക്കുന്ന സ്കൂൾ ഗെയിംസുമായി ചേർത്താണ് പരിശീലനം നൽകുന്നത്. ഇതിൽ വിവിധ എമിറേറ്റുകൾ തമ്മിലും സ്കൂളുകൾ തമ്മിലും മത്സരങ്ങളുണ്ട്. മെയിലാണ് ഈ മത്സരങ്ങൾ തുടങ്ങുക. പരിശീലന കേന്ദ്രങ്ങൾ മൂന്ന് മാസം പ്രവർത്തിക്കും.
കുട്ടികളിലെ താരങ്ങളെ വളർത്തിയെടുത്ത് ഒളിമ്പിക്സിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്പോർട്സ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ശൈഖ് സുഹൈൽ ബിൻ മുത്തി ആൽ മക്തൂം പറഞ്ഞു. കായിക സംസ്കാരം വളർത്തിയെടുക്കാനും മത്സരക്ഷമത വർധിപ്പിക്കാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

