കായികപ്രേമികൾ ആഹ്ലാദപ്രകടനങ്ങളിൽ മിതത്വം പാലിക്കണം
text_fieldsഇന്ത്യൻ ഹൈസ്കൂളിൽ ദുബൈ പൊലീസ് നടത്തിയ ബോധവത്കരണ കാമ്പയിൻ
ദുബൈ: ആരാധകരുടെ ഉത്തരവാദിത്തം, കായികക്ഷമത എന്നീ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് ദുബൈ പൊലീസ് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ‘നിങ്ങളുടെ പ്രതിബദ്ധതയാണ് സന്തോഷം’ എന്ന സംരംഭത്തിന്റെ ഭാഗമായി ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ഇന്ത്യൻ ഹൈസ്കൂളിലാണ് ബോധവത്കരണ കാമ്പയിൻ നടത്തിയത്.
സ്റ്റേഡിയങ്ങൾ ഉൾപ്പെടെ കായിക മത്സരങ്ങൾക്കായുള്ള സൗകര്യങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഫെഡറൽ നിയമങ്ങളിൽ പ്രതിപാദിക്കുന്ന കായികപ്രേമികളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് വിദ്യാർഥികൾക്ക് പൊലീസ് വിശദീകരിച്ചു നൽകി. വിദ്യാർഥികൾ കൂടാതെ അധ്യാപകരും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും കാമ്പയിനിൽ പങ്കെടുത്തു.
ആരോഗ്യകരമായ രീതിയിലുള്ള ആഹ്ലാദപ്രകടനങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആരാധകർക്ക് മികച്ച അനുഭവം സമ്മാനിക്കാൻ എമിറേറ്റിലെ സ്പോർട്സ് ക്ലബുകൾ, അവരുടെ ആരാധക സമൂഹം എന്നിവർ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയാണ് കാമ്പയിനിന്റെ ലക്ഷ്യമെന്ന് ലഫ്റ്റനന്റ് നബത് സുൽത്താൻ അൽ കെത്ബി പറഞ്ഞു.
സ്പോർട്സ് മേളകളിൽ രാജ്യത്തിന്റെ സാംസ്കാരികമായ മുഖം പ്രതിഫലിക്കുന്ന രീതിയിൽ എല്ലാ പങ്കാളികൾക്കുമിടയിൽ നല്ല സന്ദേശങ്ങളും ക്രിയാത്മക വിമർശനങ്ങളും പ്രചരിപ്പിക്കുന്നതിന് സമൂഹ മാധ്യമ ഉപഭോക്താക്കളെയും സംരംഭം പ്രോത്സാഹിപ്പിക്കും. മറ്റുള്ളവരോട് മോശം വികാരപ്രകടനങ്ങൾ നടത്തുന്നതിന്റെ അപകടവും ആഹ്ലാദങ്ങൾ പരിമിതപ്പെടുത്തുന്നതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സ്പോർട്സ് ഇവന്റുകളുടെ സുരക്ഷയുടെ കാര്യത്തിൽ നിയമം അനുശാസിക്കുന്ന ഉത്തരവാദിത്തങ്ങൾ ആരാധകർ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

