ആവേശത്തിരയിളക്കം
text_fieldsഅബൂദബി: കായികതാരങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താതെ, യു.എ.ഇയുടെ പ്രൗഢമായ സമുദ്ര പാരമ്പര്യത്തിലേക്ക് മുഴുവൻ ജനങ്ങളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിശാലമായ പദ്ധതികളുമായി അബൂദബി മറൈൻ സ്പോർട്സ് ക്ലബ്. ഈ വർഷത്തെ ശേഷിക്കുന്ന മാസങ്ങളിൽ സമുദ്ര കായികപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഡസൻകണക്കിന് മത്സരങ്ങളും പരിപാടികളുമാണ് ക്ലബ് സംഘടിപ്പിക്കുന്നത്.
കടലിനെ 'എല്ലാവർക്കുമായി തുറന്നിട്ട പൊതുയിടം' ആക്കി മാറ്റുകയാണ് തങ്ങളുടെ ആശയമെന്ന് അബൂദബി മറൈൻ സ്പോർട്സ് ക്ലബ് അക്കാദമി മാനേജർ ഖലീഫ അൽ സുവൈദി വ്യക്തമാക്കി. ഓരോരുത്തരുടെയും അഭിരുചിക്കും കഴിവിനും അനുസരിച്ച് വാട്ടർ സ്പോർട്സിന്റെ ലോകത്തേക്ക് അവരെ സ്വാഗതം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷാവസാനം കായികമാമാങ്കം
അടുത്ത നാല് മാസത്തിനുള്ളിൽ 37 റേസുകളും ചാംപ്യൻഷിപ്പുകളുമാണ് അബൂദബിയിൽ അരങ്ങേറുന്നത്. അബൂദബിയിലെ സമുദ്ര കായിക മേഖലയുടെ വ്യാപ്തിയും വൈവിധ്യവുമാണ് ഇത് വ്യക്തമാക്കുന്നത്. പരമ്പരാഗത വഞ്ചിയോട്ടങ്ങൾ, ആധുനിക വാട്ടർ സ്പോർട്സുകൾ, പ്രാദേശിക-അന്തർദേശീയ മത്സരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് കായിക കലണ്ടർ.
ചുവടുറപ്പിച്ച് യു.എ.ഇ താരങ്ങൾ
പ്രാദേശിക മത്സരങ്ങളിലൂടെ കഴിവ് തെളിയിക്കുന്ന സ്വദേശി താരങ്ങൾക്ക് ആഗോളതലത്തിലേക്ക് വഴിതുറക്കുകയാണ് ക്ലബ്. സെയ്‌ലിങ്, ജെറ്റ് സ്കീയിങ്, പവർബോട്ട് റെയ്‌സിംഗ് തുടങ്ങിയ ഇനങ്ങളിൽ പ്രാദേശിക തലത്തിൽ നിന്ന് വളർന്ന് പ്രാദേശിക-അന്തർദേശീയ ചാംപ്യൻഷിപ്പുകളിൽ യു.എ.ഇയെ പ്രതിനിധീകരിക്കാൻ നിരവധി യുവതാരങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് അൽ സുവൈദി ചൂണ്ടിക്കാട്ടി. കൂടുതൽ ചാംപ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുന്നതിനും വലിയ പ്രാധാന്യമാണ് നൽകുന്നത്.
പാരമ്പര്യം തൊട്ടറിയാൻ 'നൊഖാത അബൂദബി'
യുവതലമുറയെ തങ്ങളുടെ സമുദ്ര പാരമ്പര്യവുമായി ബന്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികളും ക്ലബ് നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള 'നൊഖാത അബൂദബി' പ്രോഗ്രാമിലൂടെ ആധുനിക സെയ്‌ലിംഗും പരമ്പരാഗത നാവിക പ്രൗഢിയും നേരിട്ടറിയാൻ യുവാക്കൾക്ക് അവസരം ലഭിക്കും. പാരമ്പര്യത്തെക്കുറിച്ച് കേട്ടറിയുന്നതിനേക്കാൾ അത് നേരിട്ട് അനുഭവിച്ചറിയാൻ തലമുറകളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
യു.എ.ഇക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രഫഷണൽ താരങ്ങൾക്കും സാധാരണക്കാർക്കും ഒരുപോലെ പരിശീലനത്തിലും മത്സരങ്ങളിലും പങ്കാളികളാകാൻ ക്ലബ് സൗകര്യമൊരുക്കുന്നു. സ്വദേശി പ്രതിഭകൾക്ക് അക്കാദമി തലത്തിൽ നിന്ന് ആഗോള മത്സരങ്ങളിലേക്കെത്താനുള്ള വഴി ഒരുക്കുന്നതിനൊപ്പം, അന്താരാഷ്ട്ര സമുദ്ര കായിക മാപ്പിൽ അബൂദബിയെ സ്ഥിരവും പ്രധാനപ്പെട്ടതുമായ കേന്ദ്രമാക്കി മാറ്റുകയും ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

