ഷാർജയിൽ 50 സ്ഥലങ്ങളിൽ ‘ഇഫ്താറിന് മുമ്പ് സ്പോർട്സ്’
text_fieldsഅൽ ഹംരിയ ബീച്ചിൽ ‘ഇഫ്താറിന് മുമ്പ് സ്പോർട്സ്’ സംരംഭത്തിന് തുടക്കംകുറിച്ചപ്പോൾ
ഷാർജ: റമദാനിൽ കായികക്ഷമത നിലനിർത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഷാർജ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ‘ഇഫ്താറിന് മുമ്പ് സ്പോർട്സ്’ സംരംഭത്തിന് തുടക്കമായി. മാർച്ച് നാലു മുതൽ 27 വരെ അരങ്ങേറുന്ന പരിപാടി തെരഞ്ഞെടുത്ത 50 സ്ഥലങ്ങളിലാണ് നടക്കുന്നത്.
വൈകീട്ട് അഞ്ചു മുതൽ ആറു മണി വരെ കായികപ്രവർത്തനങ്ങൾ നടത്തുന്നതാണ് പരിപാടി. എമിറേറ്റിലെ സ്പോർട്സ്, മറ്റു മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 10 ക്ലബുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 15,000 പേർ വിവിധ സ്ഥലങ്ങളിലായി ദിനേന കായിക പ്രവർത്തനത്തിൽ പദ്ധതി വഴി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഏറ്റവും മികവ് പുലർത്തുന്നവർക്ക് കാഷ് പ്രൈസ് സമ്മാനമായി നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ശാരീരിക ക്ഷമതയിലെ വർധന, സ്പോർട്സ്മാൻഷിപ്, പരിശീലകരുടെ നിർദേശങ്ങൾ പാലിക്കൽ, ടീം വർക്ക് എന്നിങ്ങനെയുള്ള ഘടകങ്ങൾ ജേതാക്കളെ തെരഞ്ഞെടുക്കുന്നതിന് പരിഗണിക്കും.
അൽ ഹീറ ബീച്ച്, അൽ മജാസ് ആംഫി തിയറ്റർ, അൽ ഖസ്ബ കനാൽ, മലീഹ ക്ലബ്, അൽ ദൈദ് ക്ലബ്, അൽ ബതീഅ് ക്ലബ്, ഖോർഫക്കാൻ ക്ലബ് എന്നിങ്ങനെ വിവിധ ക്ലബുകൾ, ബീച്ചുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ പരിപാടികളുടെ വേദിയിൽ ഉൾപ്പെടും.
ഷാർജ സ്പോർട്സ് കൗൺസിലിന്റെ വാർഷിക പരിപാടിയിൽ വാർഷിക അജണ്ടയിൽ വളരെ പ്രധാനപ്പെട്ടതാണ് പരിപാടിയെന്നും വിജയകരമായി സംരംഭം പൂർത്തിയാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായും കൗൺസിൽ സ്പോർട്സ് ആൻഡ് കമ്യൂണിറ്റി ഈവന്റ്സ് ഡയറക്ടർ ഡോ. യാസിർ ഉമർ അൽ ദൂഖി പറഞ്ഞു. അടുത്തുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്ത് പദ്ധതിയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്നതായും ആരോഗ്യപ്രദവും സജീവവുമായ റമദാൻ ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

