Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഫിയര്‍ അബൂദബി; 170 കോടി ഡോളറിന്‍റെ കരാര്‍ ഒപ്പുവച്ചു

text_fields
bookmark_border
2029ല്‍ യാസ് ഐലന്‍ഡില്‍ യാഥാര്‍ഥ്യമാകുന്ന വിനോദകേന്ദ്രത്തില്‍ ഇരുപതിനായിരം പേര്‍ക്ക് ഇരിക്കാം
സ്ഫിയര്‍ അബൂദബി; 170 കോടി ഡോളറിന്‍റെ കരാര്‍ ഒപ്പുവച്ചു
cancel

അബൂദബി: യു.എ.ഇയുടെ തലസ്ഥാന നഗരിയെ ആഗോള വിനോദസഞ്ചാര ഭൂപടത്തിന്‍റെ നെറുകയിലെത്തിക്കുന്ന ‘സ്ഫിയര്‍ അബൂദബി’ പദ്ധതിയുടെ മുഖ്യ നിര്‍മാണ കരാര്‍ അലക് സ്വന്തമാക്കി. അബൂദബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി.) നല്‍കിയ പദ്ധതിയുടെ ആകെ വിഹിതം 170 കോടി ഡോളറാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കമ്പനി ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിനെയും സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയെയും അറിയിച്ചു. അബൂദബിയിലെ പ്രധാന വിനോദകേന്ദ്രമായ യാസ് ഐലന്‍ഡിലെ ജലാശയത്തിന് അഭിമുഖമായി സീവേള്‍ഡ് അബൂദബിക്കും യാസ് മാളിനും മധ്യത്തിലാണ് സ്ഫിയര്‍ അബൂദബി ഒരുങ്ങുന്നത്. ഒരേസമയം ഇരുപതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ ആധുനിക തിയേറ്റര്‍ സമുച്ചയം ആഗോള നിലവാരത്തിലുള്ള തത്സമയ പരിപാടികള്‍ക്കും ഡിജിറ്റല്‍ ദൃശ്യവിരുന്നുകള്‍ക്കും സംഗീത നിശകള്‍ക്കും വേദിയാകും.

2029ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. അമേരിക്കയിലെ ലാസ് വേഗാസില്‍ 2023ല്‍ തുറന്ന് ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ 360 ഡിഗ്രി ഡിജിറ്റല്‍ ദൃശ്യവിസ്മയമായ ‘ലാസ് വേഗാസ് സ്ഫിയറിന്‍റെ’ മാതൃകയിലാണ് അബൂദബിയിലും നിര്‍മിക്കുന്നത്. ലാസ് വേഗാസ് സ്ഫിയറിന് പിന്നില്‍ പ്രവര്‍ത്തിച്ച യു.എസ് ആസ്ഥാനമായ ‘സ്ഫിയര്‍ എന്‍റര്‍ടൈന്‍മെന്‍റ്​’ കമ്പനിയും അബൂദബി സാംസ്‌കാരിക വകുപ്പും തമ്മില്‍ 2024 ഒക്ടോബറിലാണ് ഇതുസംബന്ധിച്ച പങ്കാളിത്തം പ്രഖ്യാപിച്ചത്. അബൂദബിയുടെ സമ്പദ്​വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ആഗോള സംസ്‌കാരം, വിനോദം, ടൂറിസം എന്നിവയുടെ ഹബ്ബാക്കി മാറ്റാനുമുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്ഫിയര്‍, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കും.

സഅദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ്, വരാനിരിക്കുന്ന ഡിസ്‌നി തീം പാര്‍ക്ക് റിസോര്‍ട്ട് എന്നിവയ്‌ക്കൊപ്പം സ്ഫിയര്‍ കൂടി എത്തുന്നതോടെ അബൂദബി ലോകത്തെ ഏറ്റവും മികച്ച ബഹുമുഖ വിനോദകേന്ദ്രമായി മാറും. യു.എ.ഇയിലും സൗദി അറേബ്യയിലുമായി നിരവധി വിമാനത്താവളങ്ങള്‍, വന്‍കിട ആതിഥേയ-വിനോദ സമുച്ചയങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയ പാരമ്പര്യമുള്ള കമ്പനിയാണ് അലക്. സ്ഫിയര്‍ അബൂദബിക്കായുള്ള ഈ വമ്പിച്ച നിക്ഷേപം യു.എ.ഇയുടെ പ്രത്യാശാനിര്‍ഭരവും അചഞ്ചലവുമായ വികസന ദിശയുടെ തെളിവാണെന്ന് അബൂദബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sphere Abu Dhabi signs $1.7 billion deal
Next Story