100 കിലോമീറ്ററിലധികം വേഗം: 101 ഇ-ബൈക്കുകൾ പിടിയിൽ
text_fieldsദുബൈ പൊലീസ് പിടികൂടിയ ഇ-ബൈക്കുകൾ
ദുബൈ: ജോഗിങ് ട്രാക്കുകളിലൂടെയും കാൽനട പാതകളിലൂടെയും അമിത വേഗത്തിൽ ഓടിച്ച 101 ബൈക്കുകൾ പിടികൂടി ദുബൈ പൊലീസ്. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്. ഉയർന്ന വേഗത്തിലെത്താൻ ഇ-സ്കൂട്ടറുകളിൽ രൂപമാറ്റം വരുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. നാദൽ ഷിബയിലും മറ്റ് ഭാഗങ്ങളിലും ട്രാഫിക് നിയമലംഘനം കണ്ടെത്തിയ 130 പേർക്ക് പിഴ വിധിക്കുകയും ചെയ്തു.
ഇ-ബൈക്കുകളുടെ അമിത വേഗം സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്ന് ദുബൈ പൊലീസ് ഓപറേഷൻ അഫേഴ്സ് അസി. കമാൻഡന്‍റ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. നിയമലംഘകർക്കെതിരെ ശക്തമായ നിയമപടികൾ സ്വീകരിക്കും. കൃത്യമായ മോൽനോട്ടമില്ലാതെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതിലുള്ള അപകടത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനായി രക്ഷിതാക്കളെ വിളിച്ചു വരുത്തിയിരുന്നു.
കൗമാരക്കരുടെ അപകടകരമായ ഡ്രൈവിങ്ങിനെ കുറിച്ചുള്ള പരാതികൾ കമ്യൂണിറ്റി അംഗങ്ങളിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് പ്രദേശങ്ങളിൽ ദുബൈ പൊലീസ് പട്രോളിങ് ടീമുകൾ പരിശോധന നടത്തിയത്. ആഘോഷ പരിപാടികൾക്കോ ചെറു യാത്രകൾക്കോ വേണ്ടി മാത്രം രൂപകൽപന ചെയ്തിരിക്കുന്ന ഇ-ബൈക്കുകളെ പരിഷ്കരിക്കുന്നതോടെ മോട്ടോർ സൈക്കിളുകളുടെ ഗണത്തിലേക്ക് മാറുകയും വലിയ അപകടങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. ഇത്തരം ബൈക്കുകൾ സ്പോർട്സ് ട്രാക്കുകളിൽ ഉപയോഗിക്കരുത്.
ഇ-ബൈക്കുകളുടെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്ന് രക്ഷിതാക്കളോട് അദ്ദേഹം അഭ്യർഥിച്ചു. നിശ്ചിത ട്രാക്കുകളിൽ മാത്രമേ ഇവ ഉപയോഗിക്കാവൂ. കൂടാതെ ഹെൽമറ്റും മറ്റ് റിഫ്ലക്ടീവുകളും ധരിക്കുന്ന വിഷയത്തിലും ബോധവത്കരണം വേണം. ഈ വർഷം ആദ്യ അഞ്ചു മാസത്തിനിടെ ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഇ-സ്കൂട്ടറുകൾ ഉൾപ്പെടുന്ന 254 നിയമലംഘനങ്ങൾ റിപോർട്ട് ചെയ്തിരുന്നു. 10 പേർ മരിക്കുകയും 259 പേർക്ക് അപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

