ദുബൈയിൽ പ്രധാനപ്പെട്ട അഞ്ച് റോഡുകളിൽ വേഗത പരിധി പരിഷ്കരിച്ചു; നവംബർ ഒന്നുമുതൽ നിലവിൽ വരും
text_fieldsദുബൈ: റോഡ് സുരക്ഷയും തടസ്സമില്ലാത്ത ഗതാഗതവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ച് പ്രധാന റോഡുകളിലെ പരമാവധി വേഗത പരിധി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ) ദുബൈ പൊലീസും ചേർന്ന് പരിഷ്കരിച്ചു. 2026 നവംബർ ഒന്നുമുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും. മൂന്ന് റോഡുകളിൽ വേഗത കൂട്ടാനും രണ്ട് റോഡുകളിൽ വേഗത കുറക്കാനുമാണ് തീരുമാനം. അന്താരാഷ്ട്ര കൺസൾട്ടന്റുമായി ചേർന്ന് നടത്തിയ സമഗ്രമായ എഞ്ചിനീയറിങ്, സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ നടപ്പാക്കുന്നത്.
അൽ അസയിൽ സ്ട്രീറ്റിൽ (ഊദ് മേത്ത സ്ട്രീറ്റ് മുതൽ അൽ മൈദാൻ സ്ട്രീറ്റ് വരെ) വേഗത മണിക്കൂറിൽ 60 കിലോമീറ്ററിൽനിന്ന് 80 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. അൽ മുസ്തഖ്ബൽ സ്ട്രീറ്റിൽ (ശൈഖ് റാശിദ് സ്ട്രീറ്റ് മുതൽ അൽ മൈദാൻ സ്ട്രീറ്റ് വരെ) 60ൽ നിന്ന് 70 കിലോമീറ്ററായും, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ (ശൈഖ് സായിദ് റോഡ് മുതൽ അൽ ഖൈൽ റോഡ് വരെ) 60ൽ നിന്ന് 70 കിലോമീറ്ററായും വേഗത വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ചില റോഡുകളിൽ വേഗപരിധി കുറച്ചു. അൽ റെബാത്ത് സ്ട്രീറ്റിൽ (മറാത്തേഷ് സ്ട്രീറ്റ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ) വേഗത മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി കുറച്ചു. ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റിൽ (ഡിസംബർ 2 സ്ട്രീറ്റ് മുതൽ ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ് വരെ) 80 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായാണ് വേഗത കുറച്ചത്.
ദുബൈ ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ മുൻനിർത്തിയും റോഡ് ഡിസൈൻ മാനുവലിലെ എഞ്ചിനീയറിങ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് വേഗത പരിഷ്കരണം. ഗതാഗത സാന്ദ്രത, റോഡിന്റെ ഘടന, കാൽനടയാത്രക്കാരുടെ സാന്നിധ്യം, യഥാർഥ വാഹന വേഗത തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് സ്പീഡ് ലിമിറ്റ് തീരുമാനിക്കുന്നത്. പുതിയ വേഗത പരിധിക്കനുസരിച്ച് ബാധിത പ്രദേശങ്ങളിലെ റോഡ് സൈൻ ബോർഡുകൾ ആർ.ടി.എ മാറ്റിസ്ഥാപിക്കും. നവംബർ ഒന്നിന് പുതിയ നിയമം നിലവിൽ വരുന്നതിന് മുന്നോടിയായി വേഗ പരിശോധന കാമറകളും പുതിയ വേഗതക്ക് അനുസൃതമായി പുനഃക്രമീകരിക്കും.

