അബൂദബിയിൽ വേഗപരിധി സാഹചര്യം അനുസരിച്ച് മാറും
text_fieldsഅബൂദബി: എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ ഒക്ടോബര്‍ 27 മുതല്‍ വേരിയബില്‍ സ്പീഡ് ലിമിറ്റ് (വി.എസ്എല്‍) സംവിധാനം പ്രാബല്യത്തിൽ വരും. റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ഗതാഗതം കൂടുതല്‍ സുഗമമാക്കാനും ഉദ്ദേശിച്ചാണ് ഓരോ സാഹചര്യമനുസരിച്ച് മാറുന്ന വേഗപരിധി സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.
സെന്‍സറുകള്‍ അല്ലെങ്കില്‍ ട്രാഫിക് കാമറകള്‍ നല്കുന്ന ഡാറ്റ വിശകലനം ചെയ്യുന്ന കേന്ദ്രീകൃത നിയന്ത്രണസംവിധാനവുമായാണ് വി.എസ്.എല്‍ സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നത്. മഴ, മൂടല്‍മഞ്ഞ്, മണല്‍ക്കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥകൾ, ഗതാഗതത്തിരക്കുള്ള സമയങ്ങള്‍, ഗതാഗതത്തെ ബാധിക്കുന്ന പ്രധാന സംഭവങ്ങള്‍, റോഡ് നിര്‍മാണം അല്ലെങ്കില്‍ പാതകള്‍ അടിച്ചിടുന്ന സാഹചര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി വേഗപരിധി യഥാസമയങ്ങളില്‍ നിശ്ചയിക്കാൻ വി.എസ്.എൽ സംവിധാനം ഇലക്ട്രോണിക് സൈൻ ബോർഡുകൾ ഉപയോഗിക്കും.
ഇതനുസരിച്ച് മുന്നറിയിപ്പ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്ന വേഗപരിധി അനുസരിച്ചുവേണം ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കാനെന്ന് അബൂദബി മൊബിലിറ്റി ആവശ്യപ്പെട്ടു. സാഹചര്യങ്ങൾ മനസ്സിലാക്കി വേഗപരിധി നിയന്ത്രിച്ചില്ലെങ്കിൽ വൻ പിഴ ലഭിക്കാൻ ഇടവരുത്തും. യു.എസ്, ജര്‍മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലൊക്കെ വി.എസ്.എല്‍ സംവിധാനം ഫലപ്രദമായി നടപ്പാക്കിവരുന്നുണ്ട്.
ഈ വർഷം ആദ്യം ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ വേഗതപരിധി 120 കിലോമീറ്ററിൽനിന്ന് 100 കിലോമീറ്ററായി കുറച്ചിരുന്നു. ഏപ്രിലിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡി (ഇ311)ലെ ചുരുങ്ങിയ വേഗപരിധി 120 കിലോമീറ്റർ വേണമെന്നത് എടുത്തു കളയുകയും ചെയ്തു. ഈ റോഡിലെ പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്ററായി തുടരും. 2023ൽ ആണ് മിനിമം വേഗതപരിധി ആശയം നടപ്പിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

