അബൂദബി-അല്‍ഐന്‍ റോഡിലെ വേഗപരിധി കുറച്ചു
text_fieldsഅബൂദബി: അബൂദബിയെയും അല്ഐനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ പരമാവധി വേഗപരിധി വെട്ടിക്കുറച്ചു. നവംബർ 14ന് നിലവിൽ വരുന്ന പുതിയ വേഗപരിധി ബുധനാഴ്ചയാണ് അധികൃതർ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് അബൂദബി-അല്‍ഐന്‍ റോഡില്‍ അല്‍ സആദ് പാലത്തില്‍നിന്ന് അല്‍ അമീറ പാലം വരെയുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററില്‍നിന്ന് 140 കിലോമീറ്ററായാണ് ചുരുക്കുക. റോഡ് സുരക്ഷയുടെ ഭാഗമായാണ് നടപടി.
സംയോജിത ഗതാഗത കേന്ദ്രവുമായി കൂടിയാലോചിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വേഗം കുറക്കുന്നത് റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കാരണമാവുമെന്ന് ഗതാഗതപഠനങ്ങള് തെളിയിച്ചതായി അബൂദബി പൊലീസ് അറിയിച്ചു. പുതിയ തീരുമാനം ഏവരും പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
അബൂദബിയില്‍നിന്ന് അല്‍ഐനിലേക്കുള്ള പാതയില്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ഏതാനും മാസം മുമ്പാണ്. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണം അമിത വേഗമാണ് അപകടത്തിനു കാരണമായതെന്ന് കണ്ടെത്തിയതായി അല്‍ഐന്‍ ട്രാഫിക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ സെയിഫ് അല്‍ അമിരി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ റോഡിലെ സ്പീഡ് കാമറകളില്‍ 140 കിലോമീറ്ററായിരിക്കും ക്രമീകരിക്കുന്ന വേഗപരിധിയെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

