സ്‌കൂൾ മേഖലയിൽ വേഗത 30 കി.മീറ്ററില്‍ കൂടരുത്; ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബൂദബി പൊലീസ്
text_fieldsഅബൂദബി: എമിറേറ്റില്‍ സ്‌കൂളുകള്‍ക്കു സമീപം വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 30 കി.മീറ്ററില്‍ കൂടരുതെന്ന് മുന്നറിയിപ്പുമായി പൊലീസ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥികളുടെയും മറ്റുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് അബൂദബി പൊലീസിന്റെ അറിയിപ്പ്. സ്‌കൂളുകളുടെ പരിസരത്ത് ഏര്‍പ്പെടുത്തിയ വേഗനിയന്ത്രണം ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടമാവരുത്, അനുവദനീയമായ വേഗപരിധി ലംഘിക്കരുത്, സ്റ്റോപ്പ് അടയാളം കണ്ടാല്‍ പാലിക്കണം, മറ്റു ഗതാഗത സിഗ്നലുകള്‍ അനുസരിക്കണം, കാല്‍നട യാത്രികര്‍ റോഡ് മുറിച്ചുകടക്കുന്നത് നിരീക്ഷിക്കണം, അപ്രതീക്ഷിത സാഹചര്യങ്ങള്‍ പ്രതീക്ഷിക്കണം, നിര്‍ദിഷ്ട മേഖലയില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യുക, സ്‌കൂളുകള്‍ക്ക് സമീപം വാഹനം അലക്ഷ്യമായി നിര്‍ത്താതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അബൂദബി പൊലീസ് നല്‍കിയിട്ടുണ്ട്.
കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് മാതാപിതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതിയ അധ്യായന വർഷം ആരംഭിച്ചതിന് ശേഷം പൊലീസ് എമിറേറ്റിലുടനീളം പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഉൾറോഡുകളുടെയും പുറത്തെ റോഡുകളിലും ജങ്ഷനുകൾ കേന്ദ്രീകരിച്ച് പരിശോധനയും നടക്കുന്നു. ബസുകൾ എളുപ്പത്തിൽ കടന്നുപോകുന്നതിന് സാഹചര്യമൊരുക്കുക, വാഹനങ്ങളിൽ നിന്നിറങ്ങി സ്കൂളിലേക്ക് നടക്കുന്ന കുട്ടികളെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അധികൃതർ ഇടപെടുന്നത്. റോഡ് സുരക്ഷാ സംസ്കാരം ഉറപ്പുവരുത്താനായി ബോധവൽകരണ കാമ്പയിനുകളും പൊലീസ് സംഘടിപ്പിച്ചുവരുന്നുണ്ട്. സ്കൂൾ ബസുകൾ നിർത്തിയശേഷം ‘സ്റ്റോപ്പ്’ സൂചനാബോർഡ് കാണിച്ചാൽ ബസിനെ മറികടക്കുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികൾ ബസിലേക്കും തിരിച്ചും നടക്കുമ്പോൾ അപകടം സംഭവിക്കുന്നത് തടയാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

