ദുബൈ എയർഷോ പ്രതിനിധികൾക്ക് പാസ്പോർട്ടിൽ പ്രത്യേക മുദ്ര
text_fieldsദുബൈ എയർഷോക്ക് എത്തുന്ന പ്രതിനിധികളുടെ പാസ്പോർട്ടിൽ പതിപ്പിച്ച പ്രത്യേക സ്റ്റാമ്പ്
ദുബൈ: ദുബൈ എയർഷോ 2025നോടനുബന്ധിച്ച് യു.എ.ഇയിൽ പ്രവേശിക്കുന്ന അന്താരാഷ്ട്ര പ്രതിനിധികൾക്കും സന്ദർശകർക്കും ദുബൈയിൽ പ്രത്യേക സ്വീകരണം ഒരുക്കി. നവംബർ 17 മുതൽ 21 വരെ ദുബൈ വേൾഡ് സെൻട്രലിൽ നടക്കുന്ന എയർഷോയിലെത്തുന്നവരുടെ പാസ്പോർട്ടുകളിൽ പ്രത്യേക മുദ്ര പതിപ്പിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സ്വീകരണമെരുക്കുന്നത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ പ്രത്യേക സ്റ്റാമ്പ് നൽകുന്നത്. എയർഷോയുടെ ഔദ്യോഗിക ദൃശ്യപരിചയത്തെ ആശ്രയിച്ചുള്ള ഈ മുദ്ര, ദുബൈയുടെ സ്മാർട്ട് ട്രാവൽ സംവിധാനങ്ങളും വ്യോമയാന രംഗത്തെ നവീകരണ ചുവടുവെപ്പുകളും പ്രതിനിധാനം ചെയ്യുന്നതാണ്. യു.എ.ഇയുടെ അതിഥിസൽക്കാരത്തിന്റെ സവിശേഷതയും സന്ദർശകർക്ക് നൽകുന്ന പ്രീമിയം എൻട്രി അനുഭവവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന നവീന സംരംഭമായി ഇതിനെ അധികൃതർ വിശേഷിപ്പിച്ചു.
ദുബൈ എയർഷോ ആഗോള വിദഗ്ധരും നേതാക്കളും ഒരുമിക്കുന്ന അന്താരാഷ്ട്ര വേദിയാണ്. ഈ പ്രത്യേക മുദ്രയിലൂടെ യു.എ.ഇയുടെ ഹോസ്പിറ്റാലിറ്റിയെ കൂടുതൽ മനോഹരമായി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി പറഞ്ഞു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലുമുള്ള തയാറെടുപ്പുകൾ ശക്തിപ്പെടുത്തിയതായും ദുബൈ ഇവന്റിന്റെ പ്രധാന പ്രവേശന കവാടമെന്ന നിലയിൽ ഉയർന്ന നിലവാരത്തിലുള്ള യാത്രാനുഭവം നൽകാൻ ഈ സ്റ്റാമ്പ് സഹായിക്കുന്നുവെന്നും എയർപോർട്ട് വിഭാഗം അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹ്മദ് അൽ ഷിങ്കിത്തി അറിയിച്ചു.
ആഗോള വ്യോമയാന-ബഹിരാകാശ രംഗത്ത് ദുബൈയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ ഈ പദ്ധതി, അന്താരാഷ്ട്ര ഇവന്റുകൾക്ക് യു.എ.ഇ നൽകുന്ന പിന്തുണയും ജി.ഡി.ആർ.എഫ്.എ വഹിക്കുന്ന നിർണായക പങ്കും തെളിയിക്കുന്നതാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

