ദുബൈയിൽ കാരവനുകൾക്കും ട്രെയ്ലറുകൾക്കും പ്രത്യേക പാർക്കിങ് സ്ഥലം
text_fieldsഅൽ റുവയ്യ യാർഡ് പദ്ധതിയിൽ ഒരുക്കിയ പാർക്കിങ് സ്ഥലങ്ങൾ
ദുബൈ: കാരവനുകൾ, ബോട്ടുകൾ, ട്രെയ്ലറുകൾ, ഭക്ഷണം കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവക്ക് ദുബൈയിൽ പാർക്കിങ് സൗകര്യം ഒരുക്കുന്നു. ഇതിനായി സജ്ജീകരിച്ച അൽ റുവയ്യ യാർഡ് പദ്ധതി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യാണ് പ്രഖ്യാപിച്ചത്.
പാർക്കിങ്ങിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുക, റോഗ് ഗതാഗതം സുഗമമാക്കുക, നഗരത്തിന്റെ ഭംഗി മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന 335 പാർക്കിങ് സ്ഥലങ്ങളാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നതെന്ന് ആർ.ടി.എയിലെ കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവിസസ് സെക്ടർ സി.ഇ.ഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു.
നിയന്ത്രണമല്ലാത്ത പാർക്കിങ് രീതികൾ തടയുന്നതിനും സുഗമമായ ഗതാഗതം നിലനിർത്തുന്നതിനും സംരംഭം പ്രധാനമാണെന്നും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും ഒരു മികച്ച ആഗോള ലക്ഷ്യസ്ഥാനമെന്ന ദുബൈയുടെ പ്രശസ്തിക്ക് സംഭാവന നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിലെ മറ്റ് പ്രദേശങ്ങളിലും സമാനമായ പദ്ധതി നടപ്പാക്കുന്നതിനുള്ള ആസൂത്രണം ചെയ്യുന്നുണ്ട്. ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് അൽ റുവയ്യ യാർഡ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പൊതു-സ്വകാര്യ സഹകരണത്തിൽ ദുബൈ സർക്കാറിന്റെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതിയെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.
പദ്ധതി സുസ്ഥിര നഗരവികസനത്തെ പിന്തുണക്കുകയും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും വിജ്ഞാന കൈമാറ്റം വർധിപ്പിക്കുകയും ദുബൈ സാമ്പത്തിക അജണ്ടയുടെ (ഡി33) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നതാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

