യു.എ.ഇയിൽ 12ാം ക്ലാസ് വിദ്യാർഥികൾക്ക് എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് പ്രത്യേക സൗകര്യം
text_fieldshttps://www.madhyamam.com/uae
ദുബൈ: യു.എ.ഇയിൽ 12ാം ക്ലാസ് പൂർത്തിയാക്കിയ പ്രവാസി വിദ്യാർഥികൾക്ക് കേരളത്തിൽ കോളജ് പ്രവേശനത്തിനായി എൻ.ആർ.ഐ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. യോഗ്യരായ വിദ്യാർഥികൾക്ക് ഏപ്രിൽ നാലിന് ദുബൈയിലോ വടക്കൻ എമിറേറ്റിലോ ഉള്ള ഏതെങ്കിലും ബി.എൽ.എസ് സെന്‍ററുകളിൽ മുൻകൂർ അപ്പോയ്മെന്റ് ഇല്ലാതെ തന്നെ എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാം. അപ്പോയിൻമെന്‍റ് ലഭിക്കാൻ വിദ്യാർഥികളുടെ 12ാം ക്ലാസ് ഗ്രേഡ് സർട്ടിഫിക്കറ്റ്, കോളജിൽ പ്രവേശനം ലഭിച്ചതിന്‍റെ രേഖ എന്നിവ ഹാജരാക്കണമെന്ന് കോൺസുലേറ്റ് അറിയിച്ചു. ആദ്യം എത്തുന്നവർക്കായിരിക്കും അപ്പോയ്മെന്റിൽ മുൻഗണന. നീണ്ട ക്യൂ ഒഴിവാക്കാൻ വിദ്യാർഥികൾ നേരത്തെ എത്താൻ ശ്രമിക്കണം. അപേക്ഷ ഫോറം, ആവശ്യമായ രേഖകളുടെ പട്ടിക എന്നിവ കോൺസുലേറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ https://www.cgidubai.gov.in/content/Application-Proforma-for-NRI-Certificate-CGl.pdfൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
നാട്ടിലെ കോളജുകളിലും സർവകലാശലാകളിലും എൻ.ആർ.ഐ ക്വാട്ടയിൽ ബിരുദ പ്രവേശനം നേടുന്നതിന് വിദ്യാർഥികൾക്ക് എ.ആർ.ഐ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
പ്രവാസികളായ ആയിരക്കണക്കിന് വിദ്യാർഥികളാണ് 12ാം ക്ലാസ് പഠന ശേഷം കോളജ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ നീക്കം വിദ്യാർഥികൾക്ക് ആശ്വാസകരമാവും. അതേസമയം, നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദ്യാർഥികൾക്ക് കൂടുതൽ സഹായം ആവശ്യമാണെങ്കിൽ സംവിധാനം ഏർപ്പെടുത്തുമെന്നും കോൺസുലേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

